
ന്യൂഡൽഹി: ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി യോഗം ജൂലായ് 2,3 തീയതികളിൽ ഹൈദരബാദിൽ നടക്കും. തെലങ്കാന രാഷ്ട്ര സമിതിക്കും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനുമെതിരെ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് പോരിനിറങ്ങിയ സാഹചര്യത്തിലാണ് നിർണ്ണായകമായ നിർവ്വാഹക സമിതി യോഗം ഹൈദരാബാദിൽ ചേരുന്നത്.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു നിയമസഭാ സീറ്റ് മാത്രം നേടിയ പാർട്ടി പിന്നീട് നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ നാല് സീറ്റിൽ മാത്രമാണ് ബി.ജെ.പി
ജയിച്ചിരുന്നത്. ഇതിന് പുറമെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ടി.ആർ.എസിൽ നിന്ന് രണ്ട് സീറ്റുകൾ ബി.ജെ.പി പിടിച്ചെടുത്തു.
കഴിഞ്ഞയാഴ്ച ഹൈദരാബാദ് സന്ദർശിച്ച മോദി കുടുംബാധിപത്യ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ രണ്ട് തവണയും സ്വീകരിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും ബി.ജെ.പിക്കെതിരായ നിലപാട് ശക്തമാക്കിയിരുന്നു.