
ന്യൂഡൽഹി: നീറ്റ് 2021 പി.ജി കോഴ്സുകളിലേക്ക് ഒാൾ ഇന്ത്യ ക്വോട്ടയിൽ ഒഴിവുളള സീറ്റുകളിലേക്ക് പരിഗണിക്കാൻ സ്ട്രേ റൗണ്ട് കൗൺസലിംഗ് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹർജിയിൽ വിശദമായ ഉത്തരവ് പുറപ്പെടുവിക്കാൻ ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഇന്നത്തേക്ക് മാറ്റി.
ഇന്നലെ കോടതി ഹർജി വീണ്ടും പരിഗണിച്ചപ്പോൾ 1400ലധികം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ രാജ്യത്തിന് ലഭിക്കാത്ത ഗുരുതരമായ സാഹചര്യം കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ നോൺ-ക്ലിനിക്കൽ സീറ്റുകൾ തിരഞ്ഞെടുക്കാത്തത് മൂലം എല്ലാവർഷവും ഈ പ്രശ്നം സംഭവിക്കുകയാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ബൽബീർ സിംഗ് കോടതിയിൽ പറഞ്ഞു.
എട്ട് റൗണ്ട് കൗൺസലിംഗ് പൂർത്തിയാക്കിയെന്ന് അറിയില്ലായിരുന്നുവെന്നും വിദ്യാർത്ഥികൾ മൂന്നാം വർഷത്തിലും കോഴ്സിന് ചേരാൻ തയ്യാറായേക്കുമെന്നതിനാൽ അതിന് ഒരു അവസാനം ആവശ്യമാണെന്നും വ്യക്തമാക്കിയ ബെഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കാമെന്ന് അറിയിച്ചു.
കൗൺസലിംഗ് സോഫ്ട്‌വെയർ ക്ളോസ് ചെയ്തതിനാൽ സീറ്റുകൾ നികത്താനുള്ള കൗൺസലിംഗ് സാദ്ധ്യമാവില്ലെന്നും വീണ്ടും സ്ട്രേ റൗണ്ട് കൗൺസലിംഗ് നടന്നാൽ നീറ്റ് പി.ജി 2022ന്റെ പ്രക്രിയയയ്ക്ക് തടസ്സമാവുമെന്നും സെക്യൂരിറ്റി ഡെപ്പോസിറ്റുകളുടെ റീഫണ്ട് നടക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.