rajyasabha

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട, കർണ്ണാടക, ഹരിയാന സംസ്ഥാനങ്ങളിൽ അട്ടിമറി വിജയം നേടി ബി.ജെ.പി. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിനും ഹരിയാന, കർണ്ണാടക എന്നിവിടങ്ങളിൽ കോൺഗ്രസിനും തിരിച്ചടി.

മഹാരാഷ്ട്രയിലും കർണ്ണാടകയിലും മൂന്ന് സീറ്റുകൾ വീതവും ഹരിയാനയിൽ രണ്ട് സീറ്റും ബി.ജെ.പി സ്വന്തമാക്കി. ഹരിയാനയിൽ കോൺഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്ണോയി ബി.ജെ.പിക്ക് വോട്ട് ചെയ്തു. ബി.ജെ.പിക്ക് വോട്ടുമറിച്ച ബിഷ്ണോയിയെ കോൺഗ്രസ് പുറത്താക്കി. പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ് ബിഷ്ണോയ്. മഹാരാഷ്ട്രയിൽ മത്സരിച്ച മൂന്ന് സീറ്റിലും ബി.ജെ.പി ജയിച്ചത് വരാനിരിക്കുന്ന എം.എൽ.സി, സിവിൽ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും. ഇവിടെ ബി.ജെ.പിക്ക് അനുകൂലമായി 10 വോട്ടുകൾ ലഭിച്ചത് ശിവസേനാ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ശിവസേന എം.എൽ.എയുടെ വോട്ട് അസാധുവായതും ബി.ജെ.പിക്ക് നേട്ടമായി. മഹാ അഘാഡി സഖ്യത്തിലെ മൂന്ന് എം.എൽ.എമാർ വോട്ട് ചെയ്തത് പരസ്യമാക്കിയതിനെതിരെ ബി.ജെ.പി പരാതി നൽകി. തുടർന്ന് ഇവരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി. എൻ.സി.പിക്കും ശിവസേനയ്ക്കും ഓരോ സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസും ഒരു സീറ്റിൽ ജയിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അജയ്‌ മാക്കൻ ഹരിയാനയിൽ പരാജയപ്പെട്ടത് കോൺഗ്രസിന് ക്ഷീണമായി. അജയ്‌ മാക്കൻ തോറ്റതറിയാതെ കോൺഗ്രസ് നടത്തിയ വിജയാഘോഷം ഇന്നലെ പുലർച്ചെ വരെ നാടകീയ രംഗങ്ങൾക്ക് കാരണമായി.

രാജസ്ഥാനിൽ രണ്ടാമതൊരു സീറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ച ബി.ജെ.പിക്ക് സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയുടെ പരാജയം നാണക്കേടായി.

കർണ്ണാടകയിൽ നിന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും കോൺഗ്രസ് നേതാവ് ജയറാം രമേശും വിജയിച്ചു. ഇവിടെ ത്രികോണ മത്സരം നടന്ന നാലാം സീറ്റിൽ ബി.ജെ.പിയുടെ ലെഹർ സിംഗ് സരോയ വിജയിച്ചു. ഇവിടെ മൂന്ന് സീറ്റ് ബി.ജെ.പിയും ഒരു സീറ്റ് കോൺഗ്രസും നേടി. കർണ്ണാടകയിൽ ജെ.ഡി.എസ് എം എൽ.എ എച്ച്.ഡി. ദേവണ്ണ വോട്ട് പരസ്യപ്പെടുത്തിയെന്ന ആരോപണം വിവാദമായി.

ഫഡ്നാവിസ് അത്ഭുതം കാട്ടി: പവാർ

സ്വതന്ത്ര എം.എൽ.എമാരെയടക്കം സ്വന്തം പാളയത്തിലെത്തിച്ച് എല്ലാസീറ്റുകളും പിടിച്ചെടുക്കുന്നതിൽ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് അത്ഭുതം കാട്ടിയതായി എൻ.സി.പി നേതാവ് ശരദ്പവാർ പറഞ്ഞു. എം.എൽ.എമാരുടെ എണ്ണത്തിനനുസരിച്ച് മഹാ വികാസ് അഘാഡി സഖ്യത്തിന് സീറ്റുകൾ ലഭിച്ചെങ്കിലും സ്വതന്ത്ര എം.എൽ.എമാരെയും സഖ്യത്തെ പിന്തുണയ്ക്കുമായിരുന്ന ചെറുപാർട്ടികളിൽ നിന്നുള്ളവരെയും ഒപ്പം നിറുത്തുന്നതിൽ ഫഡ്നാവിസ് കൈവരിച്ച അത്ഭുതകരമായ വിജയം അംഗീകരിക്കേണ്ടതുണ്ടെന്നും ശരദ് പവാർ പറഞ്ഞു.

തിരഞ്ഞെടുപ്പ് നടന്നത് -57 സീറ്റുകളിലേക്ക്

എതിരില്ലാതെ തിരഞ്ഞെടുത്തത് -41 സീറ്റുകളിലേക്ക്

മത്സരം നാലു സംസ്ഥാനങ്ങളിൽ -16 സീറ്റുകളിൽ

1. മഹാരാഷ്ട്ര (6 സീറ്റ്)

ബി.ജെ.പി - 3

കോൺഗ്രസ് - 1

ശിവസേന - 1

എൻ.സി.പി - 1

2. രാജസ്ഥാൻ(4)

കോൺഗ്രസ് - 3

ബി.ജെ.പി - 1

3. ഹരിയാന(2)

ബി.ജെ.പി - 2

4. കർണ്ണാടക(4)

ബി.ജെ.പി- 3

കോൺഗ്രസ് - 1