
ന്യൂഡൽഹി: രാജസ്ഥാൻ പബ്ളിക് ഹെൽത്ത് എൻജിനീയറിംഗ് മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിതിനെതിരെ പീഡന ആരോപണമുന്നയിച്ച 23കാരിയുടെ മേൽ ദക്ഷിണ ഡൽഹിയിൽ വച്ച് മഷിയൊഴിച്ചു. ഡൽഹി പൊലീസും ഡൽഹി വനിതാ കമ്മിഷനും കേസെടുത്തു. വിഷയം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കിയിരിക്കയാണ് പ്രതിപക്ഷം.
ജൂൺ 11ന് ശനിയാഴ്ച വൈകിട്ട് ഡൽഹി കാളിന്ദി കുഞ്ച് റോഡിലൂടെ മാതാവിനൊപ്പം നടന്നു വരികയായിരുന്ന യുവതിയെ രണ്ട് അജ്ഞാതർ തടഞ്ഞു നിറുത്തുകയും നീല ദ്രാവകം ഒഴിക്കുകയുമായിരുന്നു. ആഡിഡ് ആക്രമണമാണെന്ന് ധരിച്ച് യുവതിയെ ഉടൻ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും പരിശോധനയിൽ മഷിയാണെന്ന് വ്യക്തമായി. ഷഹീൻബാഗ് പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താൻ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മന്ത്രി പുത്രനെ സംരക്ഷിക്കുകയാണെന്ന് സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ പറഞ്ഞു. സംഭവം നിർഭാഗ്യകരമായെന്നും പ്രതി സ്വാധീനമുള്ള ആളായതിനാൽ ഇരയ്ക്ക് നീതി ലഭിക്കാതെ വരരുതെന്നും രാജസ്ഥാനിൽ നിന്നുള്ള കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
ഒരുമാസം മുമ്പ് യുവതി നൽകിയ മാനഭംഗക്കേസിൽ കഴിഞ്ഞ ദിവസമാണ് ഡൽഹി കോടതി രോഹിതിന് ജാമ്യം അനുവദിച്ചത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇയാളുമായി പ്രണയത്തിലായെന്നും വിവാഹ വാഗ്ദാനം നൽകി ഒരു വർഷം മുമ്പ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചിരുന്നു.