
ന്യൂഡൽഹി: പ്രവാചക പരാമർശത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കാൺപൂരിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളായവരുടെ വീടുകൾ പൊളിച്ച് നീക്കിയത് ചോദ്യം ചെയ്ത് ജം ഇയ്യത്തുൽ ഉലമ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ച കോടതി സ്റ്റേ അനുവദിച്ചില്ല. ഇത്തരം നടപടികൾ നിയമപ്രകാരം നടക്കണമെന്ന് പറയാൻ മാത്രമെ കഴിയൂ എന്നും ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉത്തർ പ്രദേശ് സർക്കാരിനോട് വിശദീകരണം തേടിയ കോടതി, അടുത്ത വാദം കേൾക്കുന്ന ജൂൺ 21 വരെ അനിഷ്ടകരമായ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. മൂന്ന് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കണം.
പ്രയാഗ് രാജിലും കാൺപൂരിലും നടന്ന കലാപങ്ങൾക്ക് മുമ്പേ മേയ് 25ന് കക്ഷികൾക്ക് നോട്ടീസ് നൽകിയിരുന്നതായി കാൺപൂർ വികസന അതോറിട്ടിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. ജം ഇയ്യത്ത് ഉലമയ്ക്ക് വിഷയവുമായി ബന്ധമില്ലെന്നും ഉടമകളാണ് ഹർജി നൽകേണ്ടിയിരുന്നതെന്നും യു.പി സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഏത് മതസ്ഥരുടെതാണെങ്കിലും അനധികൃതമെങ്കിൽ നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വീടുകൾ തകർക്കപ്പെട്ട എല്ലാവർക്കും കോടതിയെ സമീപിക്കാൻ കഴിയണമെന്നില്ലല്ലോ എന്നായിരുന്നു ജസ്റ്റിസ് ബൊപ്പണ്ണയുടെ പ്രതികരണം.