house-surgeon

ന്യൂഡൽഹി: യുക്രെയിനിലും ചൈനയിലും ഹൗസ് സർജൻസി പൂർത്തിയാക്കാത്ത മെഡിക്കൽ വിദ്യാർത്ഥികൾക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനുള്ള സ്ക്രീനിംഗ് ടെസ്റ്റിന് അനുമതി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം.

വിദ്യാർത്ഥികൾക്ക് ഇളവനുവദിക്കാൻ ദേശീയ മെഡിക്കൽ മിഷൻ ശുപാർശ തയ്യാറാക്കിയതായി അറിയുന്നു. രണ്ട് രാജ്യങ്ങളിലും മെഡിക്കൽ പഠനം നടത്തിയ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമാണ് തീരുമാനം. സുപ്രീംകോടതി നിർദ്ദേശമനുസരിച്ച് കൊവിഡും യുദ്ധവും സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിൽ ഒറ്റത്തവണ ഇളവനുവദിക്കാനാണ് ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചത്. ഈ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ രണ്ട് രാജ്യങ്ങളിലെയും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശത്തെ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കാതെ തന്നെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ എഴുതാൻ സാധിക്കും.

ഈ പരീക്ഷ പാസ്സായ ശേഷം രാജ്യത്തെ ആശുപത്രികളിൽ രണ്ട് വർഷത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കിയാൽ മെഡിക്കൽ പ്രാക്ടീസ് ചെയ്യാനുള്ള സ്ഥിരം രജിസ്ട്രേഷൻ ലഭിക്കും. നേരത്തെ ഇന്ത്യയിൽ ഒരു വർഷത്തെ പരിശീലനം മതിയായിരുന്നു. കുട്ടികളുടെ ക്ലിനിക്കൽ പരിശീലനത്തിലെ ന്യൂനതകൾ പരിഹരിക്കാനാണ് രണ്ട് വർഷമായി വർദ്ധിപ്പിച്ചതെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ, ഈ പരീക്ഷകളിൽ ചെറിയ ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് വിജയിക്കുന്നതെന്ന് ആരോപണമുണ്ട്. 2020ലെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ 16.5 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചത്.