id

ന്യൂഡൽഹി: വോട്ടേഴ്സ് ഐ.ഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള ബില്ലിന് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നടപ്പ് സമ്മേളനത്തിൽ വോട്ടെടുപ്പ് പരിഷ്ക്കരണങ്ങളുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്ര സർക്കാർ അവതരിപ്പിക്കും. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ നാല് തവണ വരെ അവസരം നൽകുമെന്നതാണ് പരിഷ്ക്കാരങ്ങളിലെ ശ്രദ്ധേയമായ ഭാഗം. വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന് കൂടുതൽ അധികാരം നൽകാനും ഇരട്ട വോട്ടും കള്ളവോട്ടും തടയാനുമാണ് പുതിയ പരിഷ്ക്കാരം നടപ്പിലാക്കുന്നത്.

വോട്ടർ ഐ.ഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്ത് മാത്രമെ ഒരു വോട്ട് ചെയ്യാനാകൂ. കമ്മിഷൻ നടപ്പിലാക്കിയ ഇതിന്റെ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതോടെയാണ് നിയമ ഭേദഗതി നിർദ്ദേശം സർക്കാരിന് സമർപ്പിച്ചത്. തുടക്കത്തിൽ ആധാറും ഐ.ഡിയും ബന്ധിപ്പിക്കാൻ നിർബ്ബന്ധിക്കില്ല. എന്നാൽ, ഇത് രണ്ടും ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും നിരീക്ഷിക്കാനുമാകും.