ന്യൂഡൽഹി: രാഷ്‌‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പൊതു സ്ഥാനാർത്ഥിയെ കണ്ടെത്താൻ പ്രതിപക്ഷ പാർട്ടികൾ ഇന്ന് മുംബയിൽ യോഗം ചേരും. പൊതുസ്ഥാനാർത്ഥിയാകാൻ സാദ്ധ്യത കൽപ്പിച്ചിരുന്ന മുൻ അംബാസഡറും ഗാന്ധിജിയുടെ കൊച്ചുമകനുമായ ഗോപാല കൃഷ്‌ണഗാന്ധിയും പിൻമാറിയത് പ്രതിപക്ഷനിരയിൽ നിരാശ പരത്തിയിട്ടുണ്ട്. പുതിയ ആളെ കണ്ടെത്താനാകും ഇന്നത്തെ ചർച്ച.

മുംബയിൽ എൻ.സി.പി നേതാവ് ശരദ് പവാർ മുൻകൈയെടുത്ത് വിളിച്ച യോഗത്തിൽ തൃണമൂൽ നേതാവ് മമത ബാനർജി പങ്കെടുത്തേക്കില്ല. ജൂൺ 15ന് മമതയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വിളിച്ച യോഗത്തിൽ ആം ആദ്‌മി പാർട്ടി, ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ പങ്കെടുത്തിരുന്നില്ല.

ജൂലായ് 18ന് നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തീയതി ജൂൺ 29ആണ്.

മികച്ച ആൾ വരട്ടെ: ഗോപാലകൃഷ്ണ ഗാന്ധി

ചിലപാർട്ടികൾക്കുള്ള എതിർപ്പ് കണക്കിലെടുത്ത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയാകാനില്ലെന്ന് ഗോപാലകൃഷ്‌ണ ഗാന്ധി വ്യക്തമാക്കി. സ്ഥാനാർത്ഥി സ്ഥാനത്തേക്ക് പരിഗണിച്ചതിൽ നന്ദി പ്രകടിപ്പിച്ച ഗോപാല കൃഷ്‌ണ ഗാന്ധി, ദേശീയ തലത്തിൽ പൊതു സമ്മതനായ വ്യക്തിയാണ് നല്ലതെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തന്നെക്കാൾ യോഗ്യരായ വ്യക്തികൾ വരുമെന്നും പ്രസ്‌താവനയിൽ ഗോപാലകൃഷ്‌ണ ഗാന്ധി പറഞ്ഞു.

പൊതു സ്ഥാനാർത്ഥിയായി പരിഗണിച്ച എൻ.സി.പി നേതാവ് ശരദ് പവാർ, മുൻ ജമ്മുകാശ്‌മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്‌ദുള്ള എന്നിവർക്ക് പിന്നാലെയാണ് ഗോപാല കൃഷ്‌ണ ഗാന്ധിയും പിൻമാറുന്നത്. തൃണമൂലും ഇടതു പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ശിവസേന അദ്ദേഹത്തിൽ വിശ്വാസം പ്രകടിപ്പിച്ചിരുന്നില്ല. ശരദ് പവാർ സ്ഥാനാർത്ഥിയാകണമെന്നതാണ് സേനയുടെ നിലപാട്.