
ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ ഞായറാഴ്ച ഡൽഹി ജന്ദർമന്ദറിൽ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംയുക്തമായി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെയും പ്രവർത്തകരെയും വിട്ടയച്ചു. ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ.എ. റഹീം, ജനറൽ സെക്രട്ടറി ഹിമാംഗനാരാജ് ഭട്ടചാര്യ, എസ്.എഫ്.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരെ മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഞായറാഴ്ച രാത്രിയോടെ പോകാൻ അനുവദിച്ചെങ്കിലും ചില നേതാക്കളെയും പ്രവർത്തകരെയും സ്റ്റേഷനിൽ പിടിച്ചു വച്ചത് ചോദ്യം ചെയ്‌ത നേതാക്കൾ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇന്നു രാവിലെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയയ്ക്കുന്നതുവരെ എ.എ.റഹീമിന്റെ നേതൃത്വത്തിൽ നേതാക്കൾ അവിടെ തുടർന്നു.