ന്യൂഡൽഹി: എറണാകുളം നോർത്തിലുള്ള ഇ.എസ്.ഐ ആശുപത്രി നിലവിലെ 65ൽ നിന്ന് 106 കിടക്കകളായി ഉയർത്താനും സബ് റിജിയണൽ ഓഫിസിനും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിനുമായി പുതിയ കെട്ടിടം നിർമ്മിക്കാനും ഇ.എസ്.ഐ കോർപറേഷൻ തീരുമാനിച്ചു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഇ.എസ്.ഐ സേവനം രാജ്യവ്യാപകമായി നടപ്പാക്കാനും ഇ.എസ്.ഐ കോർപറേഷന്റെ ഹൈദരാബാദിൽ ചേർന്ന സമ്പൂർണ യോഗത്തിൽ തീരുമാനമായി. നിലവിൽ 596 ജില്ലകളിൽ ലഭ്യമായ സേവനം ആകെ 740 ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

അംഗങ്ങളായ തൊഴിലാളികളുടെ സമഗ്ര ക്ഷേമത്തിന് '2.0 പദ്ധതി' നടപ്പിലാക്കാനും സംസ്ഥാന സർക്കാരുകൾ നടത്തുന്ന ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ നിയമനം നേരിട്ട് നടത്താനും തീരുമാനിച്ചതായി ഇ.എസ്.ഐ കോർപറേഷൻ ബോർഡ് അംഗം വി.രാധാകൃഷ്ണൻ അറിയിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ് അദ്ധ്യക്ഷത വഹിച്ചു.