
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാവിലെ മുതൽ രാത്രി വരെ ഇടവേളയില്ലാതെ ചോദ്യം ചെയ്‌ത് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. അഞ്ചാം ദിവസവും തുടർന്ന ചോദ്യം ചെയ്യലിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. എം.പിമാരെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രിയങ്കാ ഗാന്ധിക്കൊപ്പം രാവിലെ 11ന് ഇ.ഡി ഒാഫീസിലെത്തിയ രാഹുൽ ഗാന്ധി രാത്രി എട്ടുമണിക്കാണ് പുറത്തിറങ്ങിയത്. അരമണിക്കൂറിന് ശേഷം വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. നാലു ദിവസവും ഉച്ചഭക്ഷണത്തിന് പുറത്തു പോകാൻ അനുവദിച്ചിരുന്നു. തിങ്കളാഴ്‌ച നാലാം ദിവസം11 മണിക്കൂർ ചോദ്യം ചെയ്‌തിട്ടും ഒാഹരി പങ്കാളിത്തം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് ഇ.ഡിയുടെ വാദം. ഇന്ന് ചോദ്യം ചെയ്‌തേക്കില്ല.
ചോദ്യം ചെയ്യൽ പുരോഗമിക്കവെ ഇതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച 'സത്യമേവ ജയതേ' പ്രതിഷേധം ഇന്നലെയും സംഘർഷത്തിൽ കലാശിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് സത്യാഗ്രഹമിരുന്ന ശേഷം നിന്ന് ജന്ദർമന്ദറിലേക്ക് പ്രകടനമായി നീങ്ങിയ എം.പിമാർ അടക്കം നേതാക്കളെ ഡൽഹി പൊലീസും ദ്രുതകർമ്മ സേനയും തടഞ്ഞതാണ് സംഘർഷമുണ്ടാക്കിയത്.
എ.ഐ.സി.സി സംഘടനാജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് വലിച്ചിഴച്ച രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് വീണ് പരിക്കേറ്റു. പ്രതിഷേധിച്ച കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹ്‌നാൻ,ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ എം.പിമാർ അടക്കം നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റു ചെയ്‌ത് ഡൽഹി അതിർത്തിയിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
പൊലീസിനെ തുപ്പി നെട്ട
പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ നെട്ട ഡിസൂസ ദ്രുതകർമ്മ സേനയിലെ വനിതാ കോൺസ്റ്റബളിനെ തുപ്പിയത് വിവാദമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രേണുക ചൗധരി പൊലീസുകാരന്റെ കോളറിൽ പിടിച്ചു വലിച്ചതും വിവാദമായിരുന്നു. നെട്ട ഡിസൂസയുടെ നടപടിയെ അപലപിച്ച് ബി.ജെ.പി രംഗത്തെത്തി. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും നെട്ട ഡിസൂസയും കഴിഞ്ഞ ഏപ്രിലിൽ ഇന്ധന വിലയെ ചൊല്ലി വിമാനത്തിൽ കലഹമുണ്ടാക്കിയിരുന്നു.