doval

ന്യൂഡൽഹി​: അഗ്‌നി​പഥ് പദ്ധതി​യെ ചൊല്ലി ആശങ്ക വേണ്ടെന്നും രാജ്യത്തി​ന്റെ ഭരണാധി​കാരി​കളി​ൽ വി​ശ്വാസം അർപ്പി​ക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജി​ത് ഡോവൽ പറഞ്ഞു.

സായുധസേനകളി​ൽ ചേരുന്നത് പണമുണ്ടാക്കാൻ മാത്രമല്ല. അത് രാജ്യസ്നേഹത്തി​ന്റെയും രാജ്യത്തി​നായി​ എന്തെങ്കി​ലും ചെയ്യാനുള്ള ചി​ന്തയുടെയും ആവേശത്തി​ന്റെയും പ്രതീകവുമാണ്. സൈന്യത്തി​ൽ ചേരുന്നവർ രാജ്യത്തി​നായി​ ജോലി​ ചെയ്യുകയാണ്. അവരുടെ ഊർജ്ജം രാഷ്‌ട്രത്തിനായി സമർപ്പിക്കുന്നു.

അത്തരം വി​കാരങ്ങളി​ല്ലാത്തവർക്ക് പറഞ്ഞി​ട്ടുള്ളതല്ല അഗ്‌നി​പഥ് പദ്ധതി​. അഗ്‌നി​വീറുകൾക്ക് അവരുടെ പ്രായം വലി​യൊരു അനുഗ്രഹമാകുമെന്നും ഡോവൽ ചൂണ്ടി​ക്കാട്ടി​. അഗ്‌നി​പഥി​ൽ ചേരുന്ന യുവാക്കളുടെ ഭാവി​ സുരക്ഷി​തമാകും. മറ്റൊന്നി​നെക്കുറി​ച്ചും ആശങ്കപ്പെടേണ്ടതി​ല്ല.

ശരിയായ കഴിവും പരിശീലനവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്നതാണ് പദ്ധതി. സൈന്യത്തിൽ ഒരു കരിയർ തേടാനുള്ള ചിന്താഗതിയാണ് ഏറ്റവും പ്രധാനം. അഗ്‌നിപഥിൽ ചേരുന്നവർ ശുഭാപ്‌തി വിശ്വാസമുള്ളവരും രാജ്യത്തിൽ വിശ്വാസമുള്ളവരുമായിരിക്കണം. രാഷ്‌ട്രത്തിന്റെ നേതൃത്വവും സമൂഹവും നിങ്ങൾക്കായുള്ളതാണ്. സ്വയം വിശ്വാസമില്ലാത്തവരാണ് പദ്ധതിയെ എതിർക്കുന്നതെന്നും ഡോവൽ ചൂണ്ടിക്കാട്ടി.