
  വിമതർ അസാമിൽ
 34 പേർ ഒപ്പിട്ട കത്ത് ഗവർണർക്ക്
ന്യൂഡൽഹി:മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരവേ, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചു. ഒൗദ്യോഗിക വസതി ഒഴിയുകയും ചെയ്തു.
അതേസമയം, വിമത നേതാവ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ഭരണം നിലനിറുത്തണമെന്ന നിർദ്ദേശം എൻ.സി.പി നേതാവ് ശരത് പവാർ മുന്നോട്ടുവച്ചു. എന്നാൽ, കോൺഗ്രസും എൻ.സി.പിയും ഉൾപ്പെട്ട ഭരണത്തിന് തയ്യാറല്ലെന്ന് ഷിൻഡെ വ്യക്തമാക്കി.
ഏഴ് സ്വതന്ത്രർ അടക്കം 46 എം.എൽ.എമാരുടെ പിന്തുണ അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, ഗവർണർക്ക് അയച്ച കത്തിൽ 34 എം.എൽ.എമാർ മാത്രമേ ഒപ്പുവച്ചിട്ടുള്ളൂ. ഇതിൽ നാലുപേർ സ്വതന്ത്രരാണ്. ഗുജറാത്തിൽ തമ്പടിച്ചിരുന്ന സംഘത്തെ ബി.ജെ.പി ഇന്നലെ പുലർച്ചെയോട അസാമിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
പാർട്ടിയിലെ 37 എം.എൽ.എമാരുടെ പിന്തുണയില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കല്പിക്കാനുള്ള സാധ്യത നിലനിൽക്കുകയാണ്.
മുഖ്യമന്ത്രിയുടെ രാജി സന്നദ്ധതയ്ക്ക് പിന്നാലെ, എൻ.സി.പി നേതാവ് ശരത് പവാറും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നാനാ പട്ടോളയും അദ്ദേഹത്തെ വസതിയിൽ സന്ദർശിച്ചു. കോവിഡ് ബാധിതനാണ് ഉദ്ധവ് താക്കറെ.ഗവർണർ ഭഗത് സിംഗ് കോഷിയാരിയും കൊവിഡ് ബാധിതനാണ്.
കോൺഗ്രസും എൻ.സി.പിയും എം.എൽ.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമസഭാകക്ഷി നേതാവ് ബാലാസാഹബ് തൊറാട്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ 41 കോൺഗ്രസ് എം.എൽ.എമാർ പങ്കെടുത്തു.മൂന്നുപേർ സ്ഥലത്ത് ഇല്ലായിരുന്നു.

#വിമതർ നേരിട്ട്
പറഞ്ഞാൽ രാജി
പാർട്ടി എം.എൽ.എമാരുടെ യോഗത്തിന് ശേഷം ഫേസ് ബുക്ക് ലൈവിലാണ് മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചത്.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഹിന്ദുത്വ അജണ്ടയാണ് താൻ പിന്തുടരുന്നത്.
സോണിയാ ഗാന്ധിയും ശരത് പവാറും തന്നെ പിന്തുണയ്ക്കുന്നു. പക്ഷേ, സ്വന്തം പാർട്ടിക്കാർക്ക് വിശ്വാസമില്ലാതായി. വിമത എം.എൽ.എമാർ നേരിട്ടുവന്നു പറഞ്ഞാൽ രാജിവയ്‌ക്കാൻ തയ്യാറാണ്.
ഇന്നലെ
1.രാജി സന്നദ്ധത പ്രകടിപ്പിച്ച ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി വിട്ടു. ഉദ്ധവ് കൊവിഡ് പോസിറ്റീവ്.
2. വിമത എം.എൽ.എമാർ സൂറത്തിൽ നിന്ന് അസാമിലെ ഗുവാഹത്തിയിൽ
3. ഏക്‌നാഥ് ഷിൻഡെ 34 പേർ ഒപ്പിട്ട കത്ത് ഗവർണർക്ക് അയച്ചു
4.ഷിൻഡെയെ മുഖ്യമന്ത്രിയാക്കാമെന്ന സമവായ നീക്കവുമായി ശരത് പവാർ.സ്വീകാര്യമല്ലെന്ന് ഷിൻഡെ
5.തങ്ങളുടെ എം.എൽ.എമാരെ കോൺഗ്രസും എൻ.സി.പിയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി
6ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം ഗുജറാത്തിലായിരുന്ന എം.എൽ.എ നിതിൻ ദേശ്‌മുഖ് തിരിച്ചെത്തി.ഹൃദയാഘാതമുണ്ടായെന്ന് പറഞ്ഞ് നിർബന്ധിച്ച് ആശുപത്രിയിലാക്കിയെന്ന് ദേശ് മുഖ്.
നിയമസഭ:
ആകെ അംഗങ്ങൾ: 288,
കേവല ഭൂരിപക്ഷം: 145(ഒരംഗം മരിച്ചതിനാൽ 144)
ശിവസേന: 55(വിമതർ അടക്കം)
എൻ.സി.പി: 53,
കോൺഗ്രസ്: 44,
ബി.വി.എ: 3
വിമത നീക്കത്തിന് മുൻപ്
ഭരണമുന്നണിയിൽ:169
......................................
എൻ.ഡി.എ: 113
ബി.ജെ.പി: 106,
മറ്റുള്ളവർ: 5