
ന്യൂഡൽഹി:ശിവസേനയിലെ ഭൂരിപക്ഷം എം.എൽ.എമാരും വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസിന്റെയും എൻ.സി.പിയുടെയും പിന്തുണയോടെ പിടിച്ചു നിൽക്കാൻ അവസാന ശ്രമവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇന്ന് പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ചേരും. അയോഗ്യരാക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാെരുങ്ങുകയാണ് 16 വിമത എം.എൽ.എമാർ.
40 സേന എം.എൽ.എമാർ ഷിൻഡെയ്ക്കൊപ്പമുണ്ട്. സ്വതന്ത്രർ അടക്കം 50 പേരുടെ പിന്തുണ അവകാശപ്പെടുന്ന ഷിൻഡെ തന്നെ സഭാനേതാവായി അംഗീകരിക്കണമെന്ന് ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാളിനോട് അഭ്യർത്ഥിച്ചു. എന്നാൽ അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി ഡെപ്യൂട്ടി സ്പീക്കർ അംഗീകരിച്ചു കഴിഞ്ഞു.
16 വിമതരെ അയോഗ്യരാക്കണമെന്ന ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യവും അദ്ദേഹം പരിഗണിച്ചേക്കും. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഷിൻഡെ പക്ഷം ആലോചിക്കുന്നു. തങ്ങൾക്ക് ഒരു ദേശീയപാർട്ടി പിന്തുണ പ്രഖ്യാപിച്ചെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന ഷിൻഡെ തിരുത്തി. വൻ ശക്തിയുടെ (ബാൽ താക്കറെ) പിന്തുണയുണ്ടെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
വിമതരെ തൃപ്‌തിപ്പെടുത്താൻ മഹാവികാസ് അഘാഡി വിടുമെന്ന് ഔദ്യോഗിക പക്ഷം സൂചിപ്പിച്ചെങ്കിലും എൻ.സി.പി നേതാവ് ശരദ് പവാറിന്റെ സമ്മർദ്ദത്തിൽ തീരുമാനം മാറ്റി. പവാറും പാർട്ടി നേതാക്കളായ പ്രഫുൽ പട്ടേൽ, അജിത്പവാർ എന്നിവരും ഉദ്ധവുമായി ചർച്ച നടത്തിയിരുന്നു. വിമതരുടെ സമ്മർദ്ദം വകവയ്‌ക്കാതെ സഭയിൽ വിശ്വാസ വോട്ടെടുപ്പിനെ നേരിടാമെന്നാണ് പവാറിന്റെ നിർദ്ദേശം.
അതിനിടെ ശിവസൈനികർ പ്രതിഷേധവുമായി തെരുവിലിറങ്ങാനുള്ള സാദ്ധ്യത കണ്ട് പൊലീസ് സന്നാഹം കൂട്ടി. വിമത എം.എൽ.എ മങ്കേഷ് കുഡാൽക്കറിന്റെ മുംബയിലെ ഒാഫീസ് പ്രവർത്തകർ തകർത്തിരുന്നു. അതിനിടെ വിമതർ അസാം വിടണമെന്ന് ആവശ്യപ്പെട്ട് ഗുവാഹത്തിയിലെ ഹോട്ടലിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ
പ്രകടനം നടത്തി.
സ്പീക്കർ ഇല്ലാതെ നിയമസഭ
ഉദ്ധവ് താക്കറെ സർക്കാർ വലിയ പ്രതിസന്ധി നേരിടുമ്പോൾ സ്പീക്കറില്ലാതെ മഹാരാഷ്‌ട്ര നിയമസഭ. കാര്യങ്ങൾ നിയന്ത്രിക്കാൻ ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ മാത്രം. ഗവർണർ കൊവിഡ് വിശ്രമത്തിലും. സ്പീക്കറുടെ കസേര ഒഴിഞ്ഞിട്ട് ഒരു വർഷവും മൂന്ന് മാസവും.
സ്പീക്കറായിരുന്ന കോൺഗ്രസ് നേതാവ് നാനാ പടോലെ രാജിവച്ച് പി.സി.സി അദ്ധ്യക്ഷനായി. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള നടപടി സർക്കാരും ഗവർണർ ഭഗത് സിംഗ് കോഷിയാരിയും തമ്മിലുള്ള തർക്കത്തിൽ കുടുങ്ങി. ഇതിനിടെ തങ്ങളുടെ 12 എം.എൽ എമാരെ സസ്പെൻഡ് ചെയ്തതോടെ ബി. ജെ. പി സ്പീക്കർ തിരഞ്ഞെടുപ്പിനെ എതിർത്തു. വിഷയം സുപ്രീം കോടതിയിലെത്തി. തുടർന്ന് സർക്കാർ സ്പീക്കർ തിരഞ്ഞെടുപ്പ് മാറ്റി.