murmu

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി പറഞ്ഞു. ഗോത്രവർഗ്ഗ വിഭാഗം തങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണെന്നതുകൊണ്ടാണ് മുർമുവിനെ പിന്തുണയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ തിരഞ്ഞെടുക്കുമ്പോൾ ബി.എസ്.പിയുമായി കൂടിയാലോചിക്കാതിരുന്നതിന് പ്രതിപക്ഷ നേതൃത്വത്തെ അവർ രൂക്ഷമായി വിമർശിച്ചു. മമതാ ബാനർജി നിശ്ചയിച്ച ചില പാർട്ടികളെ മാത്രമാണ് ആദ്യ യോഗത്തിന് വിളിച്ചത്. ശരദ് പവാറും ചർച്ചയ്ക്ക് വിളിച്ചില്ല. ബി.എസ്.പിക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ ജാതീയമായ ചിന്താഗതി തുടരുകയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ തങ്ങൾ സ്വതന്ത്രമായി തീരുമാനമെടുക്കുകയാണ്. ദളിതർക്കൊപ്പമുള്ള പാർട്ടിയാണ് ബി.എസ് പി. കോൺഗ്രസിനെയോ ബി.ജെ.പിയേയോ പിന്തുണയ്ക്കുന്നില്ല. അടിച്ചമർത്തപ്പെട്ടവർക്ക് അനുകൂലമായ തീരുമാനം ഏത് പാർട്ടി എടുത്താലും അതിനെ പിന്തുണയ്ക്കും.- മായാവതി പറഞ്ഞു.