shivsena

ഷിൻഡെ പക്ഷക്കാരുടെ വീടുകൾ ആക്രമിച്ചു  മുംബയിലും താനെയിലും നിരോധനാജ്ഞ  അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ശിവസേനയിൽ പിളർപ്പുണ്ടാക്കിയ വിമതപക്ഷം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽതാക്കറെയുടെ പേരിൽ പുതിയ പാർട്ടിയുണ്ടാക്കാൻ നടത്തുന്ന ശ്രമം സംസ്ഥാനത്തെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. ഷിൻഡെ വിഭാഗം എം.എൽ.എമാരുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. മുംബയിലും താനെയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഷിൻഡെയുടെ താനെയിലെ വസതിക്ക് സുരക്ഷ ശക്തമാക്കി.

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 40 എം.എൽ.എമാർ അടങ്ങുന്ന വിഭാഗം ശിവസേന ബാലാസാഹേബ് എന്ന് അറിയപ്പെടുമെന്ന് വിമത വിഭാഗം വക്താവ് ദീപക് കേസർക്കർ പറഞ്ഞു.

അതേസമയം, വിമതർക്കെതിരെ നടപടി എടുക്കാൻ ഇന്നലെ ചേർന്ന ശിവസേന ദേശീയ എക്സിക്യൂട്ടിവ് യോഗം ഉദ്ധവ് താക്കറയെ ചുമതലപ്പെടുത്തി. തന്റെ പിതാവ് ബാലാ സാഹിബിന്റെ പേര് ഉപയോഗിക്കുന്നതിനെതിരെ ഉദ്ധവ് താക്കറെ ഷിൻഡെ വിഭാഗത്തിന് മുന്നറിയിപ്പ് നൽകി. ബാലസാഹെബ് താക്കറെയുടെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിൽ വിട്ടുവീഴ്ച്ചയില്ല. അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും ദേശീയ എക്സിക്യൂട്ടിവ് തീരുമാനിച്ചു. ഉദ്ധവ് താക്കറെയുടെ പിതാവിന്റെ പേര് വിമതർ ഉപയോഗിക്കുന്നത് വൈകാരിക വിക്ഷോഭത്തിനും ഇടയാക്കിയിട്ടുണ്ട്.

അതിനിടെ, ശനിയാഴ്ച്ച രാത്രി ഗുജറാത്തിലെ വഡോദരയിൽ ഏകനാഥ് ഷിൻഡെയും ബി. ജെ. പി നേതാവും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ഇപ്പോൾ

പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും കൂടിക്കാഴ്ച്ച നടത്തി. മന്ത്രിസഭാ രൂപീകരണ സാദ്ധ്യതകളാണ് ചർച്ച ചെയ്‌തത്. ചർച്ചയ്‌ക്ക് ശേഷം ഷിൻഡെ ഗുവാഹത്തിയിലേക്ക് മടങ്ങി.

നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ഷിൻഡെ വിഭാഗത്തിന്റെ നീക്കം ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ തള്ളി. 33 എം.എൽ.എമാർ ഒപ്പിട്ട അപേക്ഷയാണ് തള്ളിയത്. ശിവസേനയുടെ ലെറ്റർ ഹെഡിൽ അപേക്ഷ നൽകിയതും ഷിൻഡെ പക്ഷത്തിന് തിരിച്ചടിയായി. സഭാ രേഖകൾ പ്രകാരം അജയ് ചൗധരിയാണ് സേന നിയമസഭാ കക്ഷി നേതാവ്.

ഷിൻഡെ വിഭാഗത്തിലെ 16 എം.എൽ.എ മാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യമനുസരിച്ച് ഡെപ്യൂട്ടി സ്പീക്കർ എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 നകം മറുപടി നൽകണം. തങ്ങൾക്കെതിരെ നടപടി എടുക്കാൻ ഷിൻഡെ ഡെപ്യൂട്ടി സ്പീക്കറെ വെല്ലുവിളിച്ചു. അരുണാചൽ നിയമസഭയുമായി ബന്ധപ്പെട്ട് 2016ലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് തങ്ങൾക്കെതിരെ നടപടി എടുക്കാൻ ഡെപ്യൂട്ടി സ്പീക്കർക്ക് അധികാരമില്ലെന്ന് ഷിൻഡെ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഡെപ്യൂട്ടി സ്പീക്കറിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും.

കുടുംബങ്ങളുടെ സുരക്ഷ നീക്കി

ഷിൻഡെ വിഭാഗത്തിലെ 38 എം.എൽ.എമാരുടെയും വീടുകൾക്ക് നൽകിയിരുന്ന സുരക്ഷ പിൻവലിച്ചതായും ഇത് രാഷ്ട്രീയ വിരോധം തീർക്കലാണെന്നും ഷിൻഡെ ആരോപിച്ചു. എന്നാൽ, എം.എൽ.എമാരുടെ സുരക്ഷ പിൻവലിക്കാൻ ഉത്തരവിട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ പറഞ്ഞു.