pic

ന്യൂഡൽഹി: മതവിദ്വേഷം പരത്തുന്ന ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി ഡൽഹി പൊലീസ്.

ഇന്നലെ ഡൽഹി ചീഫ് മെട്രോപൊളിറ്റൻ കോടതി സുബൈറിനെ നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ സുബൈറിന്റെ ബാങ്ക് അക്കൗണ്ടിൽ 50 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതും അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെ.പി.എസ് മൽഹോത്ര പറഞ്ഞു.

അതേസമയം, 2018ൽ നടത്തിയ ട്വീറ്റിന്റെ പേരിൽ വ്യക്തമായ പരാതിയില്ലാതെ ഹൈക്കോടതി വിധി മറികടന്ന് സുബൈറിനെ അറസ്റ്റു ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തമായി. ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിലാക്കിയ പ്രവാചക പരാമർശ വിവാദം പുറത്തുകൊണ്ടുവന്നത് ആൾട്ട് ന്യൂസ് ആയിരുന്നു.
സുബൈർ 2018ൽ മതവിദ്വേഷ ട്വീറ്റുകൾ നടത്തിയതെന്ന് കരുതുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം. മൊബൈൽ ഫോൺ നഷ്‌ടമായെന്നാണ് സുബൈർ പൊലീസിനോട് പറഞ്ഞത്. ഇവ കണ്ടെത്താൻ പൊലീസ് ബാംഗളൂരുവിൽ സുബൈർ താമസിച്ച സ്ഥലത്ത് പരിശോധന നടത്തും. അടുത്തിടെ പോസ്റ്റു ചെയ്‌ത നിയമവിരുദ്ധമായ നിരവധി ട്വീറ്റുകൾ സുബൈർ മായ്‌ച്ചു കളഞ്ഞെന്നും അവ വീണ്ടെടുക്കാൻ ശ്രമം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

'കിസി സെ ന കഹ്‌ന" എന്ന സിനിമയുടെ പോസ്റ്ററിനൊപ്പം പോസ്റ്റു ചെയ്‌ത '2014 വരെ ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന ട്വീറ്റിന്റെ പേരിലാണ് ഡൽഹി പൊലീസ് 2020ൽ കേസെടുത്തത്. ഹനുമാൻ ഭക്ത് എന്ന ട്വിറ്റർ ഹാൻഡ‌്ലിന്റെ പേരിൽ വന്ന പരാതിയിലാണ് നടപടിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാൽ, സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ പരിശോധിക്കുന്ന ഡൽഹി പൊലീസിലെ സബ് ഇൻസ്‌പെക്‌ടർ അരുൺകുമാറിന്റെ പേരിലാണ് ഇപ്പോൾ പരാതിയുള്ളത്.

അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് വകവയ്‌ക്കാതെ സുബൈറിനെ അറസ്റ്റു ചെയ്‌ത നടപടിയെ എഡിറ്റേഴ്സ് ഗിൽഡും പ്രസ് ക്ളബ് ഒഫ് ഇന്ത്യയും പ്രതിഷേധിച്ചു. ബി.ജെ.പി വക്താവ് ടിവി ചർച്ചയിൽ പ്രവാചക പരാമർശം നടത്തിയത് പുറത്തുകൊണ്ടുവന്ന ആൾട്ട് ന്യൂസിനെതിരായ പ്രതികാര നടപടിയാണ് അറസ്റ്റെന്നും ഗിൽഡ് ചൂണ്ടിക്കാട്ടി. ഇന്നലെ ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യ സമൂഹത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ളപങ്കിനെ പുകഴ്ത്തിയതിന് വിരുദ്ധമായ നടപടിയാണ് ഡൽഹി പൊലീസിന്റേതെന്ന് പ്രസ് ക്ളബ് ഒഫ് ഇന്ത്യ പ്രസ്‌താവനയിൽ പറഞ്ഞു.

തൃണമൂൽ നേതാവ് മമതാ ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടക്കം പ്രതിപക്ഷ നേതാക്കൾ അറസ്റ്റിനെതിരെ രംഗത്തുണ്ട്.