
ന്യൂഡൽഹി: സിദ്ദു മൂസെ വാല കൊലക്കേസിൽ ഇടപെടാതെ സുപ്രീംകോടതി. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏതെങ്കിലും ഇടപെടൽ അനഭിലഷണീയമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘാംഗം ലോറൻസ് ബിഷ്ണോയിയുടെ പിതാവ് നൽകിയ ഹർജിയിൽ അടിയന്തര ഉത്തരവിറക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ലോറൻസ് ബിഷ്ണോയിയെ തലസ്ഥാന നഗരിയിലെ ജയിലിൽ നിന്ന് മാൻസ കോടതിയിൽ ഹാജരാക്കുന്നതിനായി ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും ഡൽഹി കോടതിയുടെയും ഉത്തരവുകൾക്കെതിരെ ബിഷ്ണോയിയുട പിതാവ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിലപാട്.
2020 ഡിസംബറിൽ ബിഷ്ണോയിയെ ഹരിയാന പൊലീസിന് കൈമാറാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത് സ്റ്റേ ചെയ്ത് കൊണ്ട് തത്കാലം മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറുന്നത് തടഞ്ഞ് 2021 ഫെബ്രുവരി 2 ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ സംഗ്രാം എസ്. സരോൺ ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ബിഷ്ണോയിയെ പഞ്ചാബിലേക്കയയ്ക്കാൻ കഴിയില്ലെന്നും ട്രാൻസിറ്റ് ഓർഡർ തെറ്റാണെന്നും സരോൺ വ്യക്തമാക്കി. എന്നാൽ, ഈ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി സിദ്ദു മൂസെ വാല കൊലപാതകം നടന്നത് പഞ്ചാബിലല്ലേയെന്നും അപ്പോൾ ഏത് പൊലീസാണ് അന്വേഷിക്കണ്ടതെന്നും ഹർജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു. പഞ്ചാബിൽ നടന്ന ഒരു കൊലപാതകം ഡൽഹി പൊലീസ് അന്വേഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അതെങ്ങനെ സാദ്ധ്യമാകുമെന്ന് കോടതി ചോദിച്ചു. പഞ്ചാബിലെ മാൻസ കോടതിയിലെ ഒരു അഭിഭാഷകനും ബിഷ്ണോയിയുടെ കേസ് ഏറ്റെടുക്കുന്നില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പഞ്ചാബിലെ അഭിഭാഷകർ അദ്ദേഹത്തെ ബഹിഷ്കരിച്ചിരിക്കുകയാണ്. ഇതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അപ്പോൾ നിയമസഹായം ലഭ്യമാകുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി അടിയന്തരമായി കേൾക്കണമെന്ന ബിഷ്ണോയിയുടെ അഭ്യർത്ഥന കോടതി തള്ളി. ജൂലായ് 11 ന് ഹർജിയിൽ തുടർവാദം കേൾക്കും.