
അപകടം എമർജൻസി ലാൻഡിംഗിനിടെ
ന്യൂഡൽഹി:അറബിക്കടലിലെ എണ്ണക്കിണറിലേക്ക് പോയ പവൻ ഹംസ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗിനിടെ കടലിൽ പതിച്ച് മൂന്ന് ഒ. എൻ. ജി. സി ജീവനക്കാർ ഉൾപ്പെടെ നാല് പേർ മരണമടഞ്ഞു. ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു അപകടം.
ജീവനക്കാരായ മുകേഷ് പട്ടേൽ, വിജയ് മണ്ട്‌ളോയി, സത്യമ്പാദ് പത്ര, കരാർതൊഴിലാളി സൻജു ഫ്രാൻസിസ് എന്നിവരാണ് മരിച്ചത്.
രണ്ട് പൈലറ്റ്മാർ ഉൾപ്പെടെ ഒൻപതു പേരുമായി ജൂഹു എയർ ബേസിൽ 50 നോട്ടിക്കൽ മൈൽ അകലെയുള്ള സാഗർ കിരൺ ഓയിൽ റിഗ്ഗിലേക്ക് പോയ കോപ്റ്റർ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ഓയിൽ റിഗ്ഗിലെ പ്ലാറ്റ് ഫോമിൽ ലാൻഡ് ചെയ്യാൻ കഴിയാതെ, വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള ഫ്ലോട്ടറുകളുടെ സഹായത്തോടെ കടലിൽ ലാൻഡ് ചെയ്യാനായിരുന്നു ശ്രമം. റിഗ്ഗിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കടലിൽ വീണ കോപ്റ്റർ ഫ്ലോട്ടറുകളുള്ളതിനാൽ കുറേ
നേരം പൊങ്ങിക്കിടന്നു. ആ സമയം കൊണ്ട് രക്ഷാപ്രവർത്തകർ ഒൻപതു പേരെയും പുറത്തെടുത്തു. നാല് പേർ അബോധാവസ്ഥയിലായിരുന്നു. അവരെ നേവി കോപ്റ്ററിൽ മുംബയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ കുറിച്ച് ഒ.എൻ.ജി.സി അന്വേഷണം ആരംഭിച്ചു.
പവൻ ഹംസ്, മൈൽ സ്റ്റോൺ ഏവിയേഷൻ ഗ്രൂപ്പിൽ നിന്ന് വാടകക്കെടുത്ത ആറ് സികോർസ്‌കി എസ് - 76 കോപ്റ്ററുകളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. സാഗർ കിരണിൽ നിന്ന് എത്തിയ ബോട്ടും മാൾവിയ - 16 എന്ന കപ്പലും കോസ്റ്റ് ഗാർഡിന്റെ കപ്പലും വിമാനവും രക്ഷാദൗത്യത്തിൽ പങ്കെടുത്തു.
2018 ൽ കമ്പനിയുടെ ഹെലികോപ്റ്റർ മുംബൈ തീരത്ത് തകർന്ന് വീണ് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ഏഴ് പേർ മരിച്ചിരുന്നു.