
ആലുവ: നഗരസഭയുടെ നിരോധന ഉത്തരവ് കാറ്റിൽപ്പറത്തി ബൈപ്പാസ് മേൽപ്പാലത്തിന് അടിയിലെ സർവീസ് റോഡിൽ ചരക്ക് ലോറികളുടെ അനധികൃത പാർക്കിംഗ് തുടരുന്നു. നഗരസഭയുടെ മെഗാ ശുചീകരണത്തിന്റെ ഭാഗമായി മേൽപ്പാലത്തിനടിയിലെ പാർക്കിംഗ് നിരോധിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. അതോടെ ലോറികൾ സമാന്തര റോഡ് കൈയേറുകയായിരുന്നു.
ദേശീയപാത അധികൃതരുടെ അനുമതിയോടെയാണ് എന്ന് അവകാശപ്പെട്ട് നഗരസഭ മേൽപ്പാലത്തിനടിയിലെ സ്ഥലം സ്വകാര്യ വ്യക്തിക്ക് പേ ആൻഡ് പാർക്കിംഗിന് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വഴി നീളെ കരാറുകാരൻ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. ഈ ബോർഡിന് അടിയിൽ വരെ അനധികൃത പാർക്കിംഗ് നടക്കുകയാണ്. മാർക്കറ്റുമായി ബന്ധപ്പെട്ട ലോറികൾ, റെയിൽവേ ഗുഡ്‌സ് ഷെഡ്ഡിൽ ഓടുന്ന ലോറികൾ തുടങ്ങി നിരവധി ലോറികളാണ് മാർക്കറ്റ് പരിസരത്ത് പാർക്ക് ചെയ്യുന്നത്. ഗുഡ്‌സ് ഷെഡിൽ നിന്നുള്ളവരാണ് ഏറെയും. മേൽപ്പാലത്തിന് താഴെ മെട്രോ സൗന്ദര്യവത്കരണം നടത്തിയപ്പോൾ നിർമ്മിച്ച പാർക്കിംഗ് ഏരിയയിൽ ഭൂരിഭാഗവും ലോറികൾ കൈയ്യടക്കുകയായിരുന്നു.
ഓട്ടം കഴിഞ്ഞെത്തുന്ന ലോറികൾ കയറ്റിയിടാനുള്ള സ്ഥലമായി ഇവിടം മാറി. ലോറികളുടെ മറപറ്റി സാമൂഹിക വിരുദ്ധരും മോഷ്ടാക്കളും ലഹരി ഇടപാടുകാരും തമ്പടിക്കുകയാണ്. ശല്യം കൂടിയതോടെ പാർക്കിംഗ് ഏരിയകൾ നഗരസഭ പൂട്ടിയിരുന്ന. പിന്നീടാണ് എൻ.എച്ച് അധികൃതരുമായി സംസാരിച്ച് പേ ആൻഡ് പാർക്ക് ആക്കിയത്. ലോറികൾ സർവീസ് റോഡിലേക്ക് താവളം മാറ്റിയതോടെ മറ്റു വാഹനയാത്രകളും കാൽനട യാത്രയും ദുഷ്‌കരമായിത്തീർന്നു. ഇരുവശങ്ങളിലേയും സർവീസ് റോഡുകളിലും സമാന അവസ്ഥയാണ്. അനധികൃത പാർക്കിംഗ് വാഹനാപകട സാദ്ധ്യത വർദ്ധിച്ചിട്ടുണ്ട്.
സർവീസ് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അടിപ്പാതകളിലും അനധികൃത പാർക്കിംഗ് തകൃതിയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഇതു മൂലം അടിപ്പാതകളിലൂടെ വരുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലെ വാഹനങ്ങൾ കാണാൻ കഴിയുന്നില്ല. ഇതും അപകടഭീതി സൃഷ്ടിക്കുന്നു.അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നഗരസഭ കർശന നടപടിയെടുക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് ഹരീഷ് പല്ലേരി ആവശ്യപ്പെട്ടു.