ആലുവ: വിധവകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന് കേരള വിധവാ സംഘം സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭൂരിഭാഗം വിധവകളും കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ വിഷമിക്കുകയാണെന്നും ഈ പശ്ചാത്തലത്തിൽ വിധവാ പെൻഷൻ ഉയർത്തണമെന്നും വിധവകളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
സംഘടനയുടെ 11-ാമത് സംസ്ഥാന സമ്മേളനം നാളെയും മറ്റെന്നാളുമായി ആലുവയിൽ നടക്കും. നാളെ വൈകിട്ട് വൈ.എം.സി.എ ഹാളിൽ സാംസ്കാരികസമ്മേളനം വോൾഗ തോമസ് ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ പത്തിന് മഹനാമി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, മിനി ബൈജു എന്നിവർ സംബന്ധിക്കും.

വിധവാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഗീത തമ്പാൻ, വർക്കിംഗ് പ്രസിഡന്റ് രജനി ഉദയൻ, ജനറൽ കൺവീനർ മോളി ചാർളി, വിധവാസംഘം ഡയറക്ടർ ബോർഡ് ചെയർമാൻ ടി.എൻ. രാജൻ, എ.എം. സെയ്ദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.