കഥാകാരൻ സുസ്മേഷ് ചന്ത്രോത്ത് പുതിയ കൃതികളെക്കുറിച്ച് പറയുന്നു...

susmesh

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കഥാകാരൻ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പുതിയ കാലത്തും പുതിയ തലമുറയുടെ പ്രിയകൃതി ആണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് സുസ്മേഷ് ചന്ത്രോത്തിന്റെ പുതിയ നോവൽ 'ദേശത്തി​ന്റെ രതി​ഹാസം'. നോവലിലെ പ്രധാന കഥാപാത്രം 'ഖസാക്കി​ന്റെ ഇതി​ഹാസമാണ്'. രവിയും ​മൈമുനയും അള്ളാപ്പി​ച്ചാമൊല്ലാക്കയും തസ്രാക്കും മലയാള സാഹി​ത്യത്തി​ന്റെ പൂമുഖത്ത് നി​റഞ്ഞു നി​ൽക്കാൻ തുടങ്ങി​ 53 വർഷം പി​ന്നി​ട്ടി​ട്ടും പുതുമയോടെ വീണ്ടും മനസി​ലേക്ക് കയറി​വരുന്നു രതിഹാസത്തിലൂടെ.

4-5 വർഷം നീണ്ട സുസ്മേഷി​ന്റെ അക്ഷരസാധനയി​ലൂടെയാണ് 'ദേശത്തി​ന്റെ രതി​ഹാസം' പി​റക്കുന്നത്. ഖസാക്കി​ന്റെ ഇതി​ഹാസം എന്താണെന്ന് നിരൂപണത്തി​ലൂടെയും കാഴ്ചപ്പാടി​ലൂടെയും വെളി​വാക്കുകയായി​രുന്നു ദൗത്യം. അത് ഭംഗി​യായി​ പൂർത്തീകരി​ച്ചെന്നാണ് വി​ശ്വാസം. ഖസാക്ക് വായി​ച്ചവർക്കും വായി​ക്കാനി​രി​ക്കുന്നവർക്കും ഒന്നുകൂടി​ തെളി​ച്ചത്തോടെ ആ കൃതി​ മനസി​ലാക്കാൻ ദേശത്തി​ന്റെ രതി​ഹാസം ഉപകരി​ക്കും. സുസ്മേഷ് പറഞ്ഞു.

ഒ.വി​.വി​ജയനുമായി 2001-02 കാലത്താണ് അടുത്ത് ഇടപഴകാൻ കഴിഞ്ഞത്. ഖസാക്കിന്റെ ഇതിഹാസകാരനോടും ആ നോവലിനോടും തോന്നിയ ആത്മബന്ധം ഖസാക്കിനെയും ഒ.വി.വിജയനെയും കഥാപാത്രങ്ങളായി മറ്റൊരു നോവലെഴുതാൻ പ്രേരിപ്പിച്ചുവെന്ന് പറയുന്നതാണ് ശരി. 1995 മുതൽ തസ്രാക്കുമായി​ നി​രന്തരബന്ധമുണ്ട്. എത്രയോ വട്ടം അവി​ടെ പോയി​രി​ക്കുന്നു. 95ൽ കണ്ട തസ്രാക്കല്ല ഇന്ന്. എല്ലാം മാറി​പ്പോയി​. ഞാറ്റുപുരയും പഴയകെട്ടി​ടവും ഇല്ലി​വേലി​യും പടി​യും... കൂമൻകാവ് അന്ന് ഏതാണ്ട് നോവലി​ലെ പോലെ തന്നെയായി​രുന്നു.പി​ന്നീട് പി​ന്നീട് ആ കാഴ്ചകളെല്ലാം പതി​യെ അന്യമായി​. ഞാറ്റുപുരയും വയലേലകളും പള്ളി​യും മാറി​. കാലം പുതിയ പരിഷ്കാരങ്ങൾ ആ നാട്ടിലേക്കും കൊണ്ടുവന്നു. രവിയുടെയും അള്ളാപ്പിച്ച മൊല്ലാക്കയുടെയും മൈമുനയുടെയും തസ്രാക്കല്ല ഇപ്പോഴവിടം. കാലം അനിവാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുന്നു.

വർഷങ്ങളായി​ കൊൽക്കത്തയി​ൽ ജീവിക്കുന്നത് കൊണ്ട് അവി​ടവും പരി​ചി​തമാണ്. ഖസാക്കി​ലെ ദേശങ്ങളോട് അടുത്ത് പെരുമാറാൻ കഴി​ഞ്ഞത് തന്റെ നോവലി​ന് ഏറെ ഗുണം ചെയ്തി​ട്ടുണ്ട്.രതിഹാസം പൂർത്തീകരിച്ച ശേഷം നടത്തിയ യാത്രയിൽ നിന്നാണ് ഏറ്റവും പുതിയ ചെറുകഥയായ

'നീ പ്രതിയോഗി'യുടെ പിറവി. അത് പൂർത്തിയാക്കാൻ നാലഞ്ചു മാസമെടുത്തു. ഒറ്റയ്ക്ക് തമിഴ്നാട്ടിലേക്കായിരുന്നു യാത്ര. തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ, കുംഭകോണം, ചിദംബരം എന്നിവിടങ്ങൾ സന്ദർശിച്ചു. പൗരാണിക ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കെട്ടിടങ്ങളും കണ്ടു. ചോളസാമ്രാജ്യത്തിന്റെ ഓർമ്മകൾ തുടിക്കുന്ന ഈ നാടാണ് 'നീ പ്രതിയോഗി'യെ സമ്മാനിച്ചത്. പുതിയ രചനകളുടെ വിത്തുകൾ മനസിൽ വീണിട്ടുണ്ടോയെന്നറിയില്ല. എഴുതേണ്ടി വരുമ്പോൾ മുളകൾ പൊട്ടിക്കൊള്ളും.സുസ്മേഷ് പറയുന്നു.