ഞാറക്കൽ: ഓച്ചന്തുരുത്ത് ആശാൻ സ്മാരക പബ്ലിക് ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിന് തുടക്കം. ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു.

ഡിസംബർ വരെ നീളുന്ന ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, സെമിനാർ, കലാ, സാഹിത്യമത്സരങ്ങൾ, ഓണാഘോഷം, കലാപരിപാടികൾ എന്നിവയുണ്ടാകും. നൂറു വർഷം മുൻപ് വിദ്യാർത്ഥികൾക്ക് പ്രസംഗ പരിശീലനം നടത്താൻ രൂപീകരിച്ച ബാലപ്രബോധിനി വിദ്യാർത്ഥി സമാജമാണ് മഹാകവി കുമാരനാശാന്റെ ഓർമ്മയ്ക്കായി ആശാൻ സ്മാരക വായനശാല എന്ന പേരിലേക്ക് മാറിയത്.

1932ൽ യാചനാ യാത്ര നടത്തി വീടുകളിൽ നിന്ന് പുസ്തകം ശേഖരിച്ചായിരുന്നു ഗ്രന്ഥശാലയുടെ തുടക്കം. 1937ൽ ശ്രീ സുകൃത സംരക്ഷണി സഭയുടെ സ്കൂൾ കെട്ടിടത്തിലേക്കു ഗ്രന്ഥശാല മാറ്റി. രണ്ട് വർഷങ്ങൾക്കുശേഷം കൊച്ചി സർക്കാർ ഗ്രന്ഥശാലയെ അംഗീകരിച്ച് 50 രൂപ വാർഷിക ഗ്രാന്റ് അനുവദിച്ചു. സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത വർഷം മേജർ ഗ്രന്ഥശാലയായി ഉയർത്തിയതോടെ ഗ്രാന്റ് ഇരട്ടിയാക്കി.

1957ലാണ് ശ്രീ സുകൃത സംരക്ഷണി സഭ സംഭാവന ചെയ്ത സ്ഥലത്ത് സ്വന്തം കെട്ടിടം നിർമ്മിച്ച് പ്രവർത്തനം വിപുലമാക്കിയത്. റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ കാൽലക്ഷത്തോളം പുസ്തകങ്ങൾ നിലവിൽ വായനശാലയിലുണ്ട്. ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള ചെമ്മനം ചാക്കോ അവാർഡ്, കൊച്ചി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള ലൈബ്രറി കൗൺസിൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സി.വി. പ്രകാശം (പ്രസിഡന്റ് ) ബിജി ബാബു (വൈസ് പ്രസിഡന്റ് ),വി.ഡി. അനിൽകുമാർ (സെക്രട്ടറി), പി.കെ. മനോജ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് നിലവിലെ ഭാരവാഹികൾ.