മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വാഹനാപകടങ്ങൾ പതിവായ മേഖലകളിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ പരിശോധന നടത്തി.പൊതുജനങ്ങൾ നേരിടുന്ന പ്രശ്നത്തിൽ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടതോടെയാണ് ചീഫ് എൻജിനീയറുടെ സന്ദർശനം.അപകടങ്ങളുടെ കാരണം വ്യക്തമാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാേട് മാത്യു കുഴൽനാടൻ എം.എൽ.എ. ആവശ്യപ്പെട്ടു.

കദളിക്കാട് സ്‌കൂളിന് സമീപത്തെ അപകട മേഖലകളിൽ രണ്ട് ദിവസത്തിനകം സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കുമെന്ന് പരിശോധനകൾക്കുശേഷം അജിത് രാമചന്ദ്രൻ പറഞ്ഞു. മറ്റിടങ്ങളിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകളൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൊടുപുഴ- മൂവാറ്റുപുഴ റൂട്ടിൽ കദളിക്കാട് ഭാഗത്ത് അപകടങ്ങൾ പതിവാണ്. സ്‌കൂളിൽ കുട്ടിയെ വിട്ടു മടങ്ങിയ വീട്ടമ്മ അപകടത്തിൽ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഈ സാഹചര്യത്തിൽ

സ്‌കൂൾ തുറക്കും മുമ്പേ അടിയന്തര പ്രാധാന്യത്തോടെ പ്രശ്നത്തിൽ ഇടപെടണമെന്ന് നാട്ടുകാർ എം.എൽ.എയോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിന്റെ ഗൗരവം മാത്യു കുഴൽനാടൻ എം.എൽ.എ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ഉന്നതതല സംഘം മേഖലയിൽ പരിശോധന നടത്തിയത്.

അപകട മേഖലകൾ:കൊച്ചങ്ങാടി, കദളിക്കാട്,വേങ്ങച്ചുവട്, അഞ്ചാംമൈൽ, ആവോലി കുരിശ് പള്ളി കവല

സുരക്ഷാ നിർദേശങ്ങൾ

1-ബ്‌ളിംഗർ ലൈറ്റ്, അപകട മുന്നറിയിപ്പ് ബോർഡ് ഹൈമാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കുക

2-സീബ്രാലൈൻ വരയ്ക്കുക

3-സീബ്രാലൈൻ വളവിൽ നിന്നു മാറ്റുക

4-സീബ്രാലൈൻ സ്കൂളിന് മുന്നിലാക്കുക