
കൊച്ചി: കൊച്ചി തുറമുഖം വഴി 2021-22ൽ ഏറ്റവുമധികം ചരക്ക് കൈകാര്യം ചെയ്ത വ്യവസായശാലയ്ക്കുള്ള പുരസ്കാരം ബി.പി.സി.എല്ലിന്. തുറമുഖത്ത് നടന്ന ചടങ്ങിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി ചീഫ് ജനറൽ മാനേജർ (മാനുഫാക്ചറിംഗ്) എം. ശങ്കർ, ജനറൽ മാനേജർ (ഓയിൽ മൂവ്‌മെന്റ്, സ്റ്റോറേജ്) എസ്.കെ. ശുക്ല, ഡെപ്യൂട്ടി ജനറൽ മാനേജർ (ഓയിൽ മൂവ്‌മെന്റ്, സ്റ്റോറേജ്- മറൈൻ ഓപ്പറേഷൻസ്) ഫില്ലി ചെറിയാൻ എന്നിവർ പോർട്ട് ചെയർപേഴ്‌സൺ ഡോ. എം. ബീനയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
കൊച്ചി കസ്റ്റംസ് കമ്മീഷണർ പി.കെ. മുഹമ്മദ് യൂസഫ്, നേവൽ ഓഫീസർ- ഇൻ-ചാർജ് കമാൻഡർ രാജേഷ് കുമാർ യാദവ്, കൊച്ചി പോർട്ട് ഡെപ്യൂട്ടി കൺസർവേറ്റർ കാപ്ടൻ ജോസഫ് ആലപ്പാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2021-22ൽ 20 ദശലക്ഷം മെട്രിക് ടൺ ചരക്കുനീക്കമാണ് ബി.പി.സി.എൽ കൊച്ചി തുറമുഖം വഴി നടത്തിയത്. തുറമുഖത്തെ മൊത്തം ചരക്കുനീക്കത്തിന്റെ 58 ശതമാനത്തോളമാണിത്.