കൊച്ചി: തൃപ്പൂണിത്തുറയിൽ അപകടാവസ്ഥയിലായ പഴയ ഇരുമ്പുപാലത്തിനു പകരം പുതിയ പാലം നിർമ്മിക്കാൻ ഭരണാനുമതി നൽകുന്ന വിഷയത്തിൽ സർക്കാർ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുമ്പുപാലം അടച്ചിട്ട് 30 മാസം കഴിഞ്ഞിട്ടും പുതിയ പാലം നിർമ്മിക്കാൻ ഭരണാനുമതിയോ സാങ്കേതികാനുമതിയോ നൽകിയില്ലെന്നാരോപിച്ച് മുക്കോട്ടിൽ ടെമ്പിൾ റോഡ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ റോയ് തെക്കൻ, കെ.എസ്. ശങ്കരനാരായണൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷാണ് ഈ നിർദ്ദേശം നൽകിയത്.
തോട്ടപ്പിള്ളിക്കാട്ടുപുഴയ്ക്ക് കുറുകേയുള്ള ഇരുമ്പുപാലം കൊച്ചി നഗരത്തെയും തൃപ്പൂണിത്തുറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം അപകടത്തിലായതോടെ 2019 മാർച്ചിൽ അടച്ചു. ഇരുചക്ര വാഹനങ്ങൾക്കു മാത്രമാണ് കടന്നു പോകാൻ അനുമതിയുള്ളത്. എറണാകുളം - തൃപ്പൂണിത്തുറ മേഖലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നതിനാൽ പിറവം, മുളന്തുരുത്തി, വൈക്കം തുടങ്ങിയ മേഖലകളിൽ നിന്നു കൊച്ചി നഗരത്തിലേക്ക് എത്തുന്നവർ ആശ്രയിച്ചിരുന്നത് ഇരുമ്പുപാലത്തെയാണ്. പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർക്കും എക്സിക്യൂട്ടീവ് എൻജിനിയർക്കും മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.