school

കൊച്ചി: പതിവ് തെറ്റാതെ പെയ്ത മഴയത്ത് പുത്തൻകുട ചൂടി അച്ഛനും അമ്മയ്ക്കുമൊപ്പം ആടിപ്പാടി സ്കൂൾമുറ്റത്തെത്തിയ ഒന്നാം ക്ലാസുകാരിക്ക് ടീച്ചറുടെ കൈപിടിക്കും വരെ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ക്ലാസിന്റെ വാതിൽപ്പടി പിന്നിട്ടപ്പോഴാണ് ഒന്നിച്ചിരുന്ന് 'പഠിക്കാൻ' അച്ഛനും അമ്മയുമില്ലെന്ന് മനസിലായത്. സമ്മാനമായി മിഠായിയും ബലൂണുമെല്ലാം കിട്ടിയെങ്കിലും പെരുമഴ പോലെ കണ്ണീരൊഴുകി. പിന്നെ മാതാപിതാക്കളെ തേടി ക്ലാസിൽ നിന്ന് ഒരൊറ്റ ഓട്ടമായിരുന്നു. പിന്നാലെ പാഞ്ഞ ടീച്ചർ കുഞ്ഞു പാവടക്കാരിയെ കൈയോടെ പിടികൂടി വീണ്ടും ക്ലാസിലെത്തിപ്പോൾ ഏങ്ങിക്കരച്ചിലായി. അമ്മയുടെ മുഖം കണ്ടതോടെ ഒന്നാം ക്ലാസുകാരിയുടെ കരച്ചിൽ പമ്പകടന്നു ! എറണാകുളം ഗവ. ഗേൾസ് സ്കൂളാണ് പ്രവേശനോത്സവത്തിന്റെ ഗൃഹാതുരതയിലേക്ക് ഏവരേയും കൂട്ടിക്കൊണ്ടു പോകും വിധം മനോഹര മുഹൂർത്തത്തിന് സാക്ഷിയായത്.

കളിയും ചിരിയും കരച്ചിലുമെല്ലാം തിരിച്ചെത്തിയ സ്കൂൾ മുറ്റങ്ങളിൽ ഗംഭീരമായിരുന്നു ജില്ലയിലെ പ്രവേശനോത്സവം. എറണാകുളം റവന്യുതല പ്രവേശനോത്സവം കളമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് പല സ്‌കൂളുകളും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥികളെ സ്വീകരിച്ചത്. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനും മറ്റുമായി പ്രത്യേകം അലങ്കരങ്ങളും കലാപരിപാടികളും ഒരുക്കിയിരുന്നു. കൊവിഡ് കവർന്നെടുത്ത രണ്ട് വർഷത്തിനുശേഷം ആദ്യമായി സ്കൂളിലെത്തിയ കുട്ടികളും പ്രവേശനോത്സവം ആഘോഷമാക്കി. ഒന്നാം ക്ലാസിൽ മാത്രം 18,500 കുട്ടികളാണ് പ്രവേശനം നേടിയത്. ഒന്ന് മുതൽ പത്തു വരെയും പ്ലസ് ടുവിലുമായി മൂന്ന് ലക്ഷം വിദ്യാർത്ഥികൾ ഇന്നലെ ക്ലാസിലെത്തി. ഉച്ചവരെയായിരുന്നു ക്ലാസ്. ടീച്ചർക്കൊപ്പം പാട്ടുപാടിയും കഥകൾക്ക് തലയാട്ടിയും മക്കളുടെ ആദ്യ സ്കൂൾ നിമിഷങ്ങൾ മാതാപിതക്കൾ ജനലിഴകളിലൂടെ ഈ സമയം വരെയും കണ്ടുന്നത് മറ്റൊരു സുന്ദരകാഴ്ചയായി.

ഇനി ഓൺലൈനില്ല

ഇന്ന് മുതൽ ഓൺലൈൻ പഠനം ഒഴിവാക്കി രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടക്കും. യൂണിഫോം, പാഠപുസ്തക വിതരണം എല്ലാ സ്‌കൂളുകളിലും ഇതിനോടകം പൂർത്തിയായി. ഇനിയും കൈപ്പറ്റാത്തവർക്ക് ഇന്നലെ മുതൽ സ്‌കൂളുകളിൽ വിതരണം ആരംഭിച്ചു. കൊവിഡിനെ തുടർന്ന് സ്വന്തം നീടുകളിലേക്ക് മടങ്ങിയ ഇതരസംസ്ഥാനക്കാരായ കുട്ടികളും ആദ്ധ്യായനം ആരംഭിച്ചതോടെ മടങ്ങിയെത്തി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ മുൻകരുതലുകൾ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതിയുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വരും ദിവസങ്ങളിൽ നടത്തും.