മൂവാറ്റുപുഴ: ആശ്രിതനിയമനംവഴി ജോലി ലഭിച്ച മരുമകൾ വൃദ്ധമാതാവിനെ സംരക്ഷിച്ചില്ലെന്ന പരാതിയിൽ ജീവനാംശത്തുക ശമ്പളത്തിൽനിന്ന് ഈടാക്കി നൽകാൻ ട്രൈബ്യൂണൽ ഉത്തരവ് നടപ്പിലാക്കി ബാങ്ക് അധികൃതർ. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം മൂവാറ്റുപുഴ മെയിന്റനൻസ് ട്രൈബ്യൂണലിൽ ലഭിച്ച പരാതിയിലാണ് വയോധികയ്ക്ക് നീതി ലഭിച്ചത്.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മകൻ മരണമടഞ്ഞശേഷം മകന്റെ ജോലി ആശ്രിതനിയമനം വഴി ഭാര്യയ്ക്ക് ലഭിച്ചു. എന്നാൽ മരുമകൾ ഭർതൃമാതാവിന് യാതൊരു സംരക്ഷണവും നൽകാതെ സ്വന്തംവീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഭർതൃമാതാവിന് പ്രതിമാസം ഒരു നിശ്ചിതതുക നൽകാൻ ട്രൈബ്യുണൽ നൽകിയ ഉത്തരവ് മരുമകൾ നടപ്പാകാതെ വന്നതോടെയാണ് പ്രതിമാസ ശമ്പളത്തിൽനിന്ന് തുക ഈടാക്കാൻ ബാങ്ക് അധികൃതർക്ക് ട്രൈബ്യൂണൽ നിർദ്ദേശം നൽകിയത്.