v

കൊച്ചി: ആക്രമണത്തിനിരയായ താൻ അഞ്ചു വർഷമായി ദുരിതം അനുഭവിക്കുകയാണെന്നും അക്രമികൾ പകർത്തിയ അശ്ളീല ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ ജീവിതത്തെ ബാധിക്കുമെന്നും അതിജീവിതയായ നടി ഹൈക്കോടതിയിൽ വ്യക്തമാക്കി.

പലരുടെയും മൊബൈലുകളിൽ ദൃശ്യങ്ങളുണ്ടെന്ന് വാർത്തയുണ്ട്. സത്യസന്ധമായ അന്വേഷണം വേണം. വിഷാദാവസ്ഥയിലാണ്. തെളിവുകൾ നശിപ്പിച്ചോയെന്നറിയാൻ മെമ്മറി കാർഡ് പരിശോധിക്കണമെന്നും അതിന്റെ ഫലം വരുന്നതുവരെ തുടരന്വേഷണ റിപ്പോർട്ട് നൽകരുതെന്നും നടി അഭിഭാഷക മുഖേന ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് ഈ വിശദീകരണം.

വിചാരണ നീട്ടാനാണ് ഈ ആവശ്യമെന്നും രണ്ടു ദിവസം പോലും നീട്ടിനൽകരുതെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതടക്കം അന്വേഷിക്കണമെന്നും ഇതിനു സമയം വേണമെന്നും സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. വാദം പൂർത്തിയായതോടെ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഹർജി വിധി പറയാൻ മാറ്റി.

ഇന്നലെ രാവിലെ ഹർജി പരിഗണിച്ചപ്പോൾ തന്നെ കേസ് കേൾക്കുന്നതിൽ നിന്ന് ബെഞ്ച് പിന്മാറണമെന്ന് അതിജീവിതയുടെ അഭിഭാഷക ആവശ്യപ്പെട്ടു. മെമ്മറി കാർഡ് ചോർന്നെന്നു പറയുന്ന കാലത്ത് ജസ്റ്റിസ് കൗസർ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. നേരത്തേ സമയം നീട്ടി നൽകിയ ബെഞ്ചെന്ന നിലയിൽ ഹർജി പരിഗണിക്കേണ്ടത് ഇതേ ബെഞ്ചാണെന്ന് വ്യക്തമാക്കി ആവശ്യം അനുവദിച്ചില്ല. തുടർന്ന് ഉച്ചയ്‌ക്ക് 1.45 നാണ് വിശദമായി വാദം കേട്ടത്.

കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം ജുഡിഷ്യൽ ഓഫീസറെയും കോടതി ജീവനക്കാരെയും അപമാനിക്കുന്നതാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി. കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ട ചുമതല കോടതിക്കാണ്, അന്വേഷണ സംഘത്തിനല്ല. ഇര നൽകിയ പരാതിയിൽ ഹൈക്കോടതി രജിസ്ട്രാർ ഇക്കാര്യങ്ങൾ അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

കോടതി കൃത്രിമം കാട്ടിയെന്ന ആരോപണം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ലെന്നും ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. മെമ്മറി കാർഡിൽ മാറ്റം വരുത്തിയെങ്കിൽ പരിശോധിച്ച് ഉറപ്പാക്കണം. അല്ലെങ്കിൽ മെമ്മറി കാർഡിന് തെളിവുമൂല്യം ഉണ്ടാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.