നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 19 -ാം വാർഡിൽ കമ്പനിപ്പടി കവലക്ക് സമീപം ഭൂഗർഭ പൈപ്പ് പൊട്ടി വലിയ അളവിൽ കുടിവെള്ളം പാഴായിട്ടും അനധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കമ്പനിപ്പടി കവലയിൽ നിന്നും വടക്കോട്ടുള്ള വഴിയിലാണ് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
വാട്ടർ അതോറിട്ടി അധികാരികളുടെയും ജനപ്രതിനിധികളെയും വിവരമറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുമ്പോഴും വാർഡിന്റെ ഉയർന്ന പ്രദേശങ്ങളായ പാലയ്ക്കപറമ്പ് അടക്കമുള്ള സ്ഥലങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാണ്. പഞ്ചായത്തു അധികാരികളും വാട്ടർ അതോറിട്ടിയും പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയാണ്. അറ്റക്കുറ്റപ്പണികൾ വേഗത്തിൽ തീർത്തു ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കണമെന്ന് ബി.ജെ.പി വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു.