കളമശേരി: കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. റവന്യൂ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കളമശേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സ്‌കൂളുകളിൽ പുതിയതായി പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടെ സ്‌കൂൾ കെട്ടിടങ്ങൾ വന്നു. ആറ് വർഷമായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ നടന്നു വരുന്നതായി മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.എൻ മധുസൂദനൻ അക്ഷരദീപം തെളിയിച്ചു. കളമശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ, സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ ജോസ്‌പെറ്റ് ജേക്കബ് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സൽമ അബൂബക്കർ കൈത്തറി യൂണിഫോം വിതരണവും ജില്ലാ പ്ലാനിംഗ് ബോർഡ് അംഗവും കൗൺസിലറുമായ ജമാൽ മണക്കാടൻ പഠനോപകരണ വിതരണവും നിർവഹിച്ചു.