നെടുമ്പാശേരി: ഹജ്ജ് തീർത്ഥാടകരുമായി ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ വിമാനം നാലാംതീയതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടും. രാവിലെ എട്ടിന് മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ പി. രാജീവ്, അഹമ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എം.എൽ.എമാരായ അൻവർ സാദത്ത്, പി.ടി.എ റഹീം, കളക്ടർ ജാഫർ മാലിക്, മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യുട്ടീവ് ഓഫീസറുമായ വി.ആർ. പ്രേംകുമാർ തുടങ്ങിയവർ സംബന്ധിക്കും.
കേരളത്തിൽനിന്നുള്ള 5758 പേർക്ക് പുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്തമാൻ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള 1989 തീർത്ഥാടകരും കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴിയാണ് യാത്രയാവുന്നത്. ആകെ 7747 തീർത്ഥാടകർ. നാല് മുതൽ 16വരെ സൗദി അറേബ്യൻ എയർലൈൻസിന്റെ ചാർട്ടർചെയ്ത 20 വിമാനങ്ങളിലായാണ് തീർത്ഥാടകരുടെ യാത്ര. ഓരോ വിമാനത്തിലും 377 തീർത്ഥാടകരുണ്ടാവും.
ആദ്യ വിമാനത്തിൽ പുറപ്പെടുന്നവർ ഇന്ന് രാവിലെ 8.30ന് ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യും. ഇതിന് മുന്നോടിയായി ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള പ്രത്യേകസൗകര്യം എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്.