കൊച്ചി: പ്രത്യേക അന്വേഷണസംഘത്തെ രണ്ടാഴ്ചയിലധികമായി വലച്ച അസ്ഥികൂടം കേസിൽ നിർണായക വഴിത്തിരിവാകുന്ന ഫോറൻസിക് പരിശോധനാഫലം പൊലീസിന് ലഭിച്ചു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്ക് കൊച്ചി കായലിന്റെ മുകളിലൂടെ പോകുന്ന റെയിൽവേ പാലത്തിന്റെ കേബിൾപിറ്റിൽ കണ്ടെത്തിയത് യുവാവിന്റെ അസ്ഥികൂടമെന്നാണ് റിപ്പോർട്ട്. 25-35 വയസാണ് പ്രായം കണക്കാക്കുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്നലെയാണ് റിപ്പോർട്ട് കൈമാറിയത്. ആറുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി രണ്ടാഴ്ച പിന്നിട്ടെങ്കിലും അന്വേഷണ പുരോഗതിയുണ്ടായിരുന്നില്ല. പ്രായവും അസ്ഥികൂടത്തിന്റ പഴക്കവുമുൾപ്പെടെ ലഭിക്കാത്തതായിരുന്നു പൊലീസിനെ കുഴപ്പിച്ചത്. കാണാതായ യുവാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണിപ്പോൾ പൊലീസ്.

മദ്ധ്യകേരളത്തിൽനിന്നുമാത്രം അടുത്തിടെ 80 പേരെ കാണായാതിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള റിപ്പോർട്ട്. മറ്റ് ജില്ലകളിൽനിന്ന് കാണാതായവരുടെ വിവരങ്ങൾ അടുത്തദിവസം ലഭിക്കും. 80 പേരിൽ ചെറുപ്പക്കാർ എത്രയുണ്ടെന്നത് പൊലീസ് പുറത്തുവിട്ടിട്ടില്ല. സംശയം തോന്നുന്നവരുടെ ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിളുകൾ ഉടൻ ശേഖരിച്ച് തുടങ്ങും. അസ്ഥികൂടസാമ്പിൾ ഡി.എൻ.എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതും അടുത്തദിവസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

വടുതല ഡോൺബോസ്‌കോയ്ക്ക് സമീപം കായലിന് നടുവിൽ അമ്പതടി ഉയരത്തിലുള്ള പാലത്തിൽ മേയ് 20ന് രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. പാലത്തിൽ കയറിയ യുവാക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്.

അസ്ഥികൂടം യുവതിയുടേതെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റ്‌മോർട്ടത്തിലാണ് പുരുഷന്റേതെന്ന് വ്യക്തമായത്. ലഹരിവിരുദ്ധരുടെ കേന്ദ്രമായ റെയിൽവേ മേൽപ്പാലത്തിൽ വച്ച് കൊലപ്പെടുത്തിയശേഷം കേബിൾപിറ്റിലിട്ട് സ്ലാബിട്ട് മൂടിയതായിരിക്കുമെന്നാണ് കരുതുന്നത്. ഇവിടേയ്ക്ക് മൃതദേഹം ചുമന്നെത്തിക്കാനാവാനുള്ള സാദ്ധ്യത കുറവാണെന്നാണ് പൊലീസ് വിലയിരുത്തതൽ. ഒരു വലിയ ബട്ടൻസും ബ്രൗൺ നൂലുമാണ് തുമ്പായി ആകെ ലഭിച്ചത്. പാലത്തിന് താഴെ ഫയർഫോഴ്‌സിന്റെ സഹായത്തോടെ തെരച്ചിൽ നടത്താൻ പൊലീസ് പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഇവിടേക്ക് എത്താവുന്ന വഴികളിലെ സി.സി ടിവി കാമറകളുടെ പരിശോധന പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.