വൈപ്പിൻ: കേരള ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ-19 സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടന്ന സോൺ മത്സരങ്ങളിൽ എറണാകുളം ജില്ല ചാമ്പ്യൻന്മാരായി. എറണാകുളം സോൺ ഫൈനൽ മത്സരത്തിൽ ഇടുക്കിയെ കെട്ടുകെട്ടിച്ചാണ് ജില്ല ചാമ്പ്യന്മാരായത്. എറണാകുളം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളാണ് സോണിലുണ്ടായിരുന്നത്.
സിക്‌സറുകളുടെ പെരുമഴകൊണ്ട് ഡബിളടിച്ച് അപ്പു
ഫൈനൽ മത്സരത്തിൽ ഓപ്പണറായ അപ്പു പ്രകാശിന്റെ റെക്കാഡ് ഇരട്ട സെഞ്ച്വറി മികവിലാണ് എറണാകുളം വിജയം കൊയ്തത്. 136 പന്തിൽ ഔട്ട് ആകാതെ 261 റൺസാണ് അപ്പു നേടിയത്. 27 സിക്സും 18 ഫോറും ആ മനോഹര ഇന്നിംഗ്‌സിന് തൊങ്ങൽ ചാർത്തി.
എട്ടാമത്തെ വയസിൽ ക്രിക്കറ്റ് പരിശീലനം ആരംഭിച്ച അപ്പു 2019ൽ അണ്ടർ-16 വിഭാഗത്തിൽ കേരളത്തിനായി കളിച്ചു. അരങ്ങേറ്റ മത്സരത്തിൽ ഗോവക്കെതിരെ ഔട്ടാകാതെ 136 റൺസ് അടിച്ചു ശ്രദ്ധനേടി. എളങ്കുന്നപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അപ്പു. നായരമ്പലം പ്രയാഗ കോളേജ് പ്രിൻസിപ്പൽ പി.ടി. പ്രകാശന്റേയും ഗ്രാമപഞ്ചായത്ത് അംഗം സിജി സി.സി.യുടേയും മകനാണ്. എം.ബി.ബി.എസ് വിദ്യാർത്ഥിനി ഹരിത പ്രകാശാണ് സഹോദരി