വൈപ്പിൻ: ആട്ടവും പാട്ടും കളിചിരികളുമായി കുരുന്നുകൾ പുതുവൈപ്പ് ഗവൺമെന്റ് യു. പി. സ്‌കൂളിൽ നടന്ന വൈപ്പിൻ ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഉല്ലാസോത്സവമാക്കി. പൂക്കളും ബലൂണുകളുമേന്തി, വർണ്ണത്തൊപ്പികളണിഞ്ഞ സന്തോഷത്തിമിർപ്പിൽ വിദ്യാലയാന്തരീക്ഷം പ്രസന്നഭരിതമായി. പ്രവേശനോത്സവാഘോഷം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വാദ്യമേളങ്ങളുടെ അകമ്പടിയിൽ നടന്ന ഘോഷയാത്രയിൽ വിശിഷ്ടാതിഥികൾക്കൊപ്പം കുരുന്നുകളും അണിചേർന്നു.

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. ഇബ്രാഹിംകുട്ടി രായരോത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോഫിയ, സ്വാതിഷ് സത്യൻ, അഡ്വ.ലിഗീഷ് സേവ്യർ, ജോയ്, ഹെഡ്മാസ്റ്റർ കെ. ടി. മധു, കെ. എസ്. ദിവ്യരാജ്, ഡയറ്റ് ഫാക്കൽറ്റി മായ, എളങ്കുന്നപ്പുഴ എസ്. സി / എസ്. ടി. ബാങ്ക് പ്രസിഡന്റ് മോഹനൻ, പി. ടി. എ. പ്രസിഡന്റ് ജയ, സ്റ്റാഫ് സെക്രട്ടറി ടി. രേഖ എന്നിവർ പ്രസംഗിച്ചു.
ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ ചെണ്ടമേളവും മുത്തുക്കുടകളും കഥകളി വേഷങ്ങളുമായി പ്രവേശനോത്സവം നടന്നു. വി.വി. സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, സെക്രട്ടറി വേണുഗോപാൽ, സ്‌കൂൾ മാനേജർ കെ.എസ. ജയപ്പൻ, പ്രധാന അദ്ധ്യാപിക ജയ്‌സി, സാഹിത്യകാരൻ പൂയ്യപ്പിള്ളി തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
കുഴുപ്പിള്ളി സെന്റ് ഗ്രീഗറിസ് യു.പി സ്‌കുൾ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജെയ്ജൂ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ റവ.ഫാ. കുരുവിള മറോട്ടിക്കൽ,പ്രധാനധ്യാപിക മീന, ഷൈനി വർഗീസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. പ്രമുഖൻ എന്നിവർ പ്രസംഗിച്ചു.