കുമ്പളം: മുന്നറിയിപ്പില്ലാതെ കുമ്പളം-തേവരഫെറി ബോട്ട്സർവീസ് നിലച്ചത് യാത്രക്കാരെ വലച്ചു. സ്കൂൾ പ്രവേശന ദിവസമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായി. നിരക്ക് വർദ്ധന ആവശ്യപ്പെട്ടാണ് നിലവിലെ കരാറുകാരൻ ബുധനാഴ്ച രാവിലെ മുതൽ സർവീസ് നിറുത്തിവച്ചത്. ജെട്ടിയിലെത്തിയപ്പോഴാണ് ബോട്ട് ഇല്ലെന്ന വിവരം യാത്രക്കാർ പലരും അറിയുന്നത്. തുടർന്ന് ഓട്ടോയിലും മറ്റുമായി നെട്ടൂർ ഫെറിയിലെത്തിയ ശേഷമാണ് പലർക്കും യാത്ര തുടരാനായത്. പലർക്കും കൃത്യസമയത്ത് തേവരയിലേയും മറ്റുമുള്ള സ്കൂളുകളിലേക്കും എത്താനായില്ല.
ഒരു വശത്തേക്കുള്ള യാത്രക്ക് വിദ്യാർത്ഥികൾക്ക് രണ്ട് രൂപയും മറ്റുള്ളവർക്ക് 10 രൂപയുമാണ് നിലവിൽ ഈടാക്കുന്നത്. എന്നാൽ തൊട്ടടുത്ത് തന്നെയുള്ള മരട് നഗരസഭയിൽപ്പെട്ട നെട്ടൂർ-തേവരഫെറി ബോട്ട് സർവീസിൽ നഗരസഭ സൗജന്യ യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ധന വിലവർദ്ധനവ് പ്രകാരമാണ് കുമ്പളത്ത് നിരക്ക് വർദ്ധന ആവശ്യപ്പെട്ടതെന്നും കരാറുകാരൻ പറഞ്ഞു. ഒരാഴ്ച മുമ്പ് നിലവിലെ കരാറുകാരന്റെ കാലാവധി കഴിഞ്ഞിരുന്നു. ബോട്ട് വാടകയ്ക്കെടുത്താണ് നിലവിൽ സർവീസ് നടത്തിയിരുന്നതെന്നും ഇതിനായി പഞ്ചായത്ത് പ്രതിമാസം നൽകിവന്നിരുന്ന പതിനായിരം രൂപ മതിയാകാതെ വരുന്നതായും കരാറുകാരൻ പറയുന്നു.
യാത്രക്കാരുടെ പരാതിയെ തുടർന്ന് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ക്രിയാത്മക ഇടപെട്ടു. നേരത്തെ ഇവിടെ സർവീസ് നടത്തിയിരുന്ന കുമ്പളം സ്വദേശിയായ ബിനു കുറ്റിക്കാട്ടിനെ സമീപിച്ച് ബോട്ട് തരപ്പെടുത്തി. വൈകിട്ട് അഞ്ചോടെ ബോട്ട് സർവീസ് പുനരാരംഭിച്ചു.