കളമശേരി: ഹെർക്കുലിസ് സൈക്കിളിൽ ഉലകം ചുറ്റിക്കൊണ്ടിരിക്കുകയാണ് ഏലൂർ നഗരസഭയിലെ വിദ്യാഭ്യാസ - കലാ-കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.രാജേഷ്. എവിടെയും പറന്നെത്തുന്നത് സൈക്കിളിലാണ് അതു തന്നെയാണ് ഈ കൗൺസിലറെ വ്യത്യസ്ഥനാക്കുന്നതും ജനകീയനാക്കുന്നതും. 12-ാംവയസു മുതലുള്ള സന്തത സഹചാരിയാണ് സൈക്കിൾ. 61-ാം വയസിലും ചുറുചുറുക്കോടെ ഓടി നടക്കുന്നതിന്റെ ആരോഗ്യ രഹസ്യവും അതു തന്നെയാണ്. അസുഖബാധിതനായി ഒരാശുപത്രിയിലും ഇതുവരെ പോയിട്ടില്ല, ഒരു മരുന്നും കഴിക്കുന്നുമില്ല. ലഹരി വസ്തുക്കളേയും പൂർണമായി അകറ്റിയാണ് ജീവിതം. 41 വർഷമായി ശുഭ്രവസ്ത്രധാരിയുമാണ്. രാജേഷിന്റെ സൈക്കിൾബെല്ല് കേട്ടാൽ നാട്ടുകാർക്ക് തിരിച്ചറിയാം.
ഇത് മൂന്നാം തവണയാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി രാജേഷ് വാർഡിൽ നിന്ന് ജയിക്കുന്നത്. മഞ്ഞുമ്മൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശ്രീകുമാര വിലാസം സഭയുടെ പ്രസിഡന്റാണ്.