ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡി പിന്നിൽ ക്ളോക്ക് ടവർ ബിൽഡിംഗിലെ ശൗചാലയ മാലിന്യം റോഡിലേക്ക് ഒഴുകിയിട്ടും നടപടിയില്ല.നഗരസഭ ആരോഗ്യ വിഭാഗം കൂടി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മാലിന്യമാണ് റോഡിലേക്ക് ഒഴുകുന്നത്.
മാർക്കറ്റ് പരിസരത്തു നിന്ന് യാത്രക്കാർ സ്വകാര്യ ബസ് സ്റ്റാൻഡിലേക്കും വന്നുപോകുന്ന വഴിയാണിത്. ഏറെ നാളുകളായി ഇതുസംബന്ധിച്ച ആക്ഷേപമുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. മഴക്കാലം തുടങ്ങിയതോടെ പകർച്ച വ്യാധി ഭീതിയിലാണ് വ്യാപാരികളും യാത്രക്കാരും. നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശുചീകരണമെന്ന പേരിൽ പണം ധൂർത്തടിക്കുമ്പോഴാണ് ഈ ദുരവസ്ഥ. ശുചീകരണം വെറും നാടകമാണെന്ന് തുടക്കം മുതലേ ആക്ഷേപമുണ്ടായിരുന്നു. ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ശുചീകരണത്തിന്റെ പേരിൽ ഫോട്ടോഷൂട്ടുകൾ നടത്തിയതല്ലാതെ മറ്റൊന്നും നടന്നില്ലെന്നും പരാതിയുണ്ടായിരുന്നു. ആക്ഷേപങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് റോഡിൽ മലിനജലം കെട്ടി നിൽക്കുന്ന കാഴ്ചയെന്നും നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു.