1
അപകടത്തിൽപ്പെട്ട കാർ

തൃക്കാക്കര: ബ്ലോക്കിനിടയിൽ ബസിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ ബസ് കാറിൽ ഇടിപ്പിച്ചതായി പരാതി. കാക്കനാട് കൊല്ലംകുടിമുഗൾ സ്വദേശി ജോർജ് വർഗീസാണ് പരാതി നൽകിയത്. ഇന്നലെ രാവിലെ ഒൻപതരയോടെ തൃക്കാക്കരയിലുള്ള തന്റെ ഓഫീസിലേക്ക് പോകുന്നതിനിടെ അലക്ഷ്യമായി ഹോൺ മുഴക്കിവന്ന കെ.എൽ.33-ബി.ഒ 300 എന്ന നമ്പറിലുള്ള സ്വകാര്യബസ് തന്റെ എസ്.യു.വി കാറിൽ ഇടിപ്പിച്ചതായാണ് മോട്ടോർ വാഹന വകുപ്പിനും പൊലീസിനും ജോർജ് വർഗീസ് നൽകിയ പരാതിയിലുള്ളത്. ഇടപ്പള്ളി- പൂക്കാട്ടുപടി റോഡിൽ തൃക്കാക്കര ദാറുൽ ലുലൂ സ്കൂളിന് സമീപത്തായിരുന്നു സംഭവം. സ്കൂൾ സമയമായതിനാൽ റോഡിൽ തിരക്കായതിനാൽ ബസിന് സൈഡ് കൊടുക്കാൻ സാധിച്ചില്ല. അതിലുള്ള പ്രതികാരമാണ് ബസ് ഡ്രൈവറുടെ പരാക്രമമെന്നും അദ്ദേഹം ആരോപിച്ചു. കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി എറണാകുളം ആർ.ടി.ഒ പി.എം ഷബീർ പറഞ്ഞു.