മൂവാറ്റുപുഴ: നിർമ്മല ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഘടനയായ നാമിന്റെ വിദ്യാകിരൺ പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി സഹായിക്കുകയെന്ന ലക്ഷ്യമാണ് സംഘടനയ്ക്കുള്ളത് . പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധിയനും അദ്ധ്യാപകനുമായ പ്രൊഫ.എം.പി മത്തായി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ആന്റണി പുത്തൻകുളം അദ്ധ്യക്ഷത വഹിച്ചു. നാം അംഗവും മുനിസിപ്പൽ കൗൺസിലറുമായ ജോസ് കുര്യാക്കോസ്, രാജേഷ് മാത്യൂ എന്നിവർ സംസാരിച്ചു. നാം ഭാരവാഹികളായ ഡോ. സാറാ നന്ദന, പ്രദീപ്, ബബിത നെല്ലിക്കൽ, മനോജ് കെ.വി, ബിജു നാരായണൻ, ജെറി തോമസ്, പ്രജിത്ത്, മ്യദുൽ ജോർജ്, സുമീഷ്, ഡയാന ജോൺസ് എന്നിവർ പങ്കെടുത്തു.

വിവിധ ക്ലാസുകളിൽ പഠിക്കുന്ന പത്ത് വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ സഹായമെത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർത്ഥികൾക്ക് വിവിധ മേഖലങ്ങളിൽ പ്രവർത്തിക്കുന്ന നാം അംഗങ്ങളുടെ മേൽനോട്ടവും മാർഗ്ഗനിർദ്ദേശവും ലഭ്യമാക്കി അവരുടെ സമഗ്രവളർച്ചയെ സഹായിക്കുക എന്നതും വിദ്യാകിരൺ ലക്ഷ്യമാക്കുന്നു. സ്കൂൾ ആരംഭിച്ച 1961 മുതൽ കഴിഞ്ഞ അദ്ധ്യയനവർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നാം അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നാം പ്രസിഡന്റ് അഡ്വ. ഒ.വി അനീഷ് പറഞ്ഞു.