
തപ്പൂണിത്തുറ: ചോറ്റാനിക്കരയിൽ പൊതു മരാമത്ത് റോഡരികിൽ തിരുവാങ്കുളത്തിന് സമീപം പുതുതായി തുടങ്ങുന്ന പെട്രോൾ പമ്പിന് മുൻവശം നിന്നിരുന്ന ആൽമരം പമ്പുടമസ്ഥർ രാത്രിയിൽ മുറിച്ച് കളഞ്ഞതായി പരാതി. വർഷങ്ങൾക്ക് മുമ്പ് കേരള സർക്കാർ പ്രഖ്യാപിച്ച മരം ഒരു വരം പദ്ധതിയുടെ ഭാഗമായി തിരുവാങ്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വച്ചുപിടിപ്പിച്ച മരങ്ങളിലൊന്നാണിത്. പൂന്താനം റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു തുടർന്നുള്ള പരിചരണം.
തണലായി വളർന്നു വന്ന മരം വെട്ടിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്. പൂന്താനം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ രേഖാമൂലം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി. ആൽമരം മുറിച്ചു കളഞ്ഞതിനെതിരെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തിരുവാങ്കുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ആർ. സുകുമാരൻ പറഞ്ഞു.