
തൃപ്പൂണിത്തുറ: മെട്രോയോടൊപ്പം 22 മീറ്റർ വീതിയിൽ എസ്.എൻ. ജംഗ്‌ഷൻ മുതൽ ഹിൽ പാലസ് റോഡുവരെ നാലുവരിപാത യാഥാർത്ഥ്യമാക്കണമെന്ന് മുൻ എം.എൽ.എ എം.സ്വരാജ് ആവശ്യപ്പെട്ടു. താൻ എം.എൽ.എ ആയിരുന്ന കാലത്താണ് മെട്രോയുടെ അവസാനഘട്ടത്തിന് എസ്.എൻ. ജംഗ്‌ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെ അനുമതി ലഭ്യമാക്കിയത്. തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്. നാലുവരി പാതയ്ക്കായുള്ള പ്രക്ഷോഭത്തിൽ തുടർന്നും തന്റെ സഹകരണം ഉറപ്പു നൽകുന്നതായി അദ്ദേഹം പറഞ്ഞു. ട്രുറ ചെയർമാൻ വി.പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.