കൊച്ചി: സർക്കാർ ഏർപ്പെടുത്തിയ പ്രവേശനനിയന്ത്രണം മൂലം പൊതുസമൂഹത്തിൽനിന്ന് ആദിവാസികൾ ഒറ്റപ്പെടുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. എല്ലാതരത്തിലും അവഗണന അനുഭവിക്കുന്ന ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയോട് ചേർത്തുനിർത്താനുള്ള ശ്രമമാണ് എക്കാലത്തും ഉണ്ടായിട്ടുള്ളത്. എന്നാൽ അതിൽനിന്ന് വിഭിന്നമായി ഊരിൽ പ്രവേശിക്കുന്നതിന് മുൻകൂട്ടി അനുമതി വേണമെന്ന സർക്കാർ ഉത്തരവ് വിചിത്രമാണ്. ഊരുകളിലുള്ളവരുടെ ആരോഗ്യപരിപാലനം, കുട്ടികളുടെ വിദ്യാഭ്യാസം, ശൗചാലയങ്ങളുടെ നിർമാണം, സോളാർ വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൊതുസമൂഹത്തിന്റെ കാര്യമായ ഇടപെടലുണ്ട്.
ഇവർ നേരിടുന്ന പ്രശ്‌നങ്ങൾ പുറംലോകം അറിയുന്നത് സന്നദ്ധ പ്രവർത്തകർ വഴിയാണ്. സമ്പൂർണ വൈദ്യുതികരണ ജില്ലയാണ് എറണാകുളമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ തന്നെയുള്ള കുട്ടമ്പുഴ പഞ്ചായത്തിലെ 285 ആദിവാസി കുടുംബങ്ങൾക്ക് ഇപ്പോഴും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ബ്ലാവന കടവിൽ പാലം നിർമിക്കുക, വൈദ്യുതി എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സമരത്തിലാണ്. ആദിവാസികളുടെ പ്രശ്‌നങ്ങൾ മറച്ചുവയ്ക്കാനാണ് പുതിയ സർക്കാർ ഉത്തരവെന്നും ഷിബു തെക്കുംപുറം ആരോപിച്ചു.