1
ഫോർട്ട് കൊച്ചിയിൽ പൊളിച്ചുനീക്കിയ കടകൾ

തോപ്പുംപടി: ഫോർട്ടുകൊച്ചിയിലും പള്ളുരുത്തിയിലുമുള്ള അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചുതുടങ്ങി. നഗരസഭ ആരോഗ്യ വിഭാഗം, പൊലിസ് എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്. ലൈസൻസ് ലഭിക്കാത്തതും അനുവദനീയമല്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടി. ഇതിനിടയിൽ നഗരസഭയുടെ താത്കാലിക ലൈസൻസ് അനുവദിച്ച സ്ഥാപനങ്ങളും നീക്കം ചെയ്യുന്നതായി പരാതിയുണ്ട്. ഈ ലൈസൻസിന്റെ കാലാവധി കഴിഞ്ഞതായാണ് പറയുന്നത്. കാലാവധി തീരുന്നതിന് മുമ്പ് സ്ഥിര ലൈസൻസ് നൽകുന്നതിൽ നഗരസഭ ഉദ്യോഗസ്ഥർ പുലർത്തിയ അനാസ്ഥയിൽ ദുരിതം പേറുന്നത് സാധാരണക്കാരായ കച്ചവടക്കാരാണെന്നും തൊഴിലാളികൾ ആരോപിച്ചു.

മുഴുവൻ രേഖകളോടെ അപേക്ഷ നൽകിയ കച്ചവടക്കാർക്ക് അടിയന്തരമായി ലൈസൻസ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു)ജില്ലാ സെക്രട്ടറി സി.എസ് സുരേഷ് ആവശ്യപ്പെട്ടു.