sivan
കേന്ദ്ര സിലബസുകളിലെ സ്കൂളുകളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. ഇന്ദിരാ രാജൻ ബൊക്കെ നൽകുന്നു. വിജയ്ബാബു, സജി ഠാക്കൂർ തുടങ്ങിയവർ സമീപം

കൊച്ചി: കേന്ദ്ര സിലബസുകളിലെ സ്കൂളുകളുടെ പ്രവർത്തനം വിലയിരുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും ആറുമാസം കൂടുമ്പോൾ യോഗം ചേരാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന സിലബസ് ഭേദമില്ലാതെ പഠനനിലവാരം വർദ്ധിപ്പിക്കാൻ യോജിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. നവോദയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലെ സ്കൂൾ അധികൃതരുടെ യോഗമാണ് ചേർന്നത്. കേന്ദ്ര സിബലബസ് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷ, ലഹരിവസ്തുക്കൾക്കെതിരെ ബോധവത്കരണം തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

കേന്ദ്ര സിലബസ് സ്കൂളുകൾക്ക് അംഗീകാരം ലഭിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കുക, വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതിന് ഏകീകൃതമാനദണ്ഡം പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചതായി കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ വിജയ്ബാബു, സി.ബി.എസ്.ഇ റീജണൽ ഓഫീസർ സജി ഠാക്കൂർ, കേന്ദ്രീയ വിദ്യാലയ കമ്മിഷണർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.