court-paravur

പറവൂർ: പറവൂർ കച്ചേരി മൈതാനിക്കുള്ളിലെ സഞ്ചാരപാതയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞ് കുഴിയായിക്കിടന്നിരുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി അഭിഭാഷകർ മാതൃകയായി. പത്തുവർഷംമുമ്പ് കച്ചേരിമൈതാനം ടൂറിസം വകുപ്പിന്റെ സഹായത്തോടെ നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൈതാനിക്കുള്ളിലെ എല്ലാറോഡുകളും ടൈൽ വിരിച്ചു. രണ്ടുവർഷം കഴിഞ്ഞതോടെ ടൈലുകൾ പൊളിഞ്ഞ്കുണ്ടുംകുഴിയും രൂപപ്പെട്ടുതുടങ്ങി. കോടതിക്ക് ചുറ്റുമുള്ള റോഡിന്റെ നല്ലെരുഭാഗവും പൊളിഞ്ഞു. മഴക്കാലത്ത് കുഴികളിൽ വെള്ളംനിറഞ്ഞ് കിടക്കുന്നത് കോടതിയിലും മറ്റു സ്ഥാപനങ്ങളിലുമെത്തുന്നവർക്ക് ദുരിതമായി.

പൊതുജനങ്ങളിൽനിന്ന് നിരവധി പരാതികൾ ഉയർന്നതോടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരം ഇന്ത്യൻ ലായേഴ്സ് കോൺഗ്രസിന്റെ സഹകരണത്തോടെ കുഴികളിൽ കോൺക്രീറ്റ് ചെയ്തു. പ്രസിഡന്റ് അ‌ഡ്വ. എം.എ. കൃഷ്ണകുമാർ, സെക്രട്ടറി അഡ്വ. ജെയൻ മോൻ പഞ്ഞിക്കാരൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പ്രവൃത്തികൾ.

റവന്യൂഭൂമിയായ കച്ചേരിമൈതാനം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലാണ്. ഉടമസ്ഥത റവന്യുവകുപ്പിനും എഗ്രിമെന്റ് പ്രകാരം ക്ളീനിംഗ് നഗരസഭയ്ക്കുമാണ്. ഏഴ് കോടതി, സബ് ട്രഷറി, പൊലീസ് സ്റ്റേഷൻ, താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് എന്നിവ കച്ചേരിമൈതാനിയിലാണ്. ഇതിനോട് ചേർന്ന് കെ.എസ്.ഇ.ബി ഓഫീസും മിനി സിവിൽസ്റ്റേഷനുമുണ്ട്.