വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് കീഴിൽ മകന് ഭവനം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് വിവാദക്കുരുക്കിൽ. ചട്ടം ലംഘിച്ച പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കവാടം ഉപരോധിച്ചു.

ടി. ടി. ഫ്രാൻസിസിന്റെ മകനും ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ പ്രൈജു ഫ്രാൻസിസ് ബാങ്കിൽ പ്യൂൺ നിയമനത്തിൽ അഴിമതി നടത്തിയ പണം കൊണ്ടാണ് വീട് നിർമ്മിക്കുന്നതെന്നും സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ലൈഫ് മിഷനിൽ അനധികൃതമായി ഉൾപ്പടുത്തിയതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു, ബിമൽ ബാബു എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. എന്നാൽ പ്രസിഡന്റിന്റെ മകന് ലൈഫ് പദ്ധതിയിൽ വീട് നൽകിയെന്ന ആരോപണം ബാലിശമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു പറഞ്ഞു. അടുത്ത മാസമാണ് ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ പട്ടിക പഞ്ചായത്ത് ഭരണസമിതിക്ക് മുന്നിൽ വരുന്നത്. അനർഹർ ഉണ്ടെങ്കിൽ പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾക്ക് അക്കാര്യം ചൂണ്ടിക്കാണിക്കാം. കോൺഗ്രസ് ഭരണ കാലത്ത് ഞാറക്കൽ സഹകരണ ബാങ്കിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരം പറയേണ്ടത് അവർ തന്നെയാണെന്നും മിനി രാജു വ്യക്തമാക്കി.