 
പറവൂർ: പുതിയ 11കെ.വി ലൈൻ വലിച്ചപ്പോൾ നീക്കംചെയ്യാതെ പാടത്ത് ഉപേക്ഷിച്ച വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ട് മാസം ഗർഭിണിയായ പശു ചത്തു. തത്തപ്പിള്ളി ബംഗ്ളാവുപടി അരീപ്പാടത്ത് സിന്ധുവിന്റെ പശുവാണ് ചത്തത്. തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു ഇന്നലെ ഉച്ചയോടെ പശുവിനെ അഴിക്കാൻ പാടത്ത് ചെന്നപ്പോഴാണ് ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. പാടത്തേയ്ക്ക് ഇറങ്ങിയ സിന്ധുവിനും ഷോക്കേറ്റെങ്കിലും കരയിലേക്ക് കയറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. കരയിലുള്ള പോസ്റ്റ് മഴയിൽ ചരിഞ്ഞപ്പോൾ ഇതിലുണ്ടായിരുന്ന കമ്പി സമീപത്ത് വൈദ്യുതി പ്രവഹിക്കുന്ന മറ്റൊരു കമ്പിയിൽ മുട്ടിയാണ് പൊട്ടിക്കിടന്ന കമ്പിയിൽ വൈദ്യുതി പ്രവഹിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി വിച്ഛേദിച്ചു. ഇൻസ്പെക്ടിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. പശുവിനെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.