കൊച്ചി: ആധാരമെഴുത്ത് മേഖലയിലെ പ്രശ്‌നങ്ങൾക്ക് സർക്കാരുമായുള്ള ചർച്ചയിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ആധാരമെഴുത്തുകാർ. തൊഴിൽ സുരക്ഷ, ക്ഷേമനിധി കുറ്റമറ്റതാക്കുക, ഫീസ് വർദ്ധന നടപ്പാക്കുക, അണ്ടർ വാല്യുവേഷൻ നടപടികൾ അവസാനിപ്പിക്കുക, പരിശോധനകൾക്ക് ശേഷം മാത്രം രജിസ്ട്രേഷനിലെ ആധുനികവത്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിലേക്ക് നീങ്ങുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ചർച്ചയാകാമെന്ന് വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചിരുന്നത്. തൃക്കാക്കര തിരഞ്ഞടുപ്പിനു ശേഷമാണ് ചർച്ച.
പ്രശ്‌നങ്ങൾ മനസിലാക്കി തങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം മന്ത്രി നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം സമരമല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രിബേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ അറിയിച്ചു.
50 കോടിയിലേറെത്തുക ആധാരമെഴുത്ത് തൊഴിലാളി ക്ഷേമനിധിയിലുണ്ട്. ഇതിൽ ഒരു രൂപപോലും സർക്കാർ നിക്ഷേപമായില്ല. മറ്റെല്ലാം വിഭാഗത്തിലെ ക്ഷേമനിധിയിലും സർക്കാർ വിഹിതം അടക്കുന്നുണ്ടെന്നുമാണ് പ്രധാന ആരോപണം.
ക്ഷേമനിധി ബോർഡിന്റെ തലപ്പത്ത് അന്യസംസ്ഥാന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിർത്തലാക്കണമെന്നും ബോർഡിന്റെ ചെയർമാൻ സ്ഥാനം മന്ത്രി ഏറ്റെടുക്കണമെന്നു സംഘടന ആവശ്യപ്പെടുന്നു. ആധാരമെഴുതിയ തുക പരിശോധിച്ച് പിന്നീട് നോട്ടീസയയ്ക്കുന്ന അണ്ടർ വാല്യുവേഷൻ നടപടികൾ നിർത്തലാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കൈക്കൂലിയും അഴിമതിയും അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണണമെന്നും ആവശ്യങ്ങളിലുണ്ട്.
 അനുഭാവപൂർവം പരിഗണിക്കുമെന്ന് സർക്കാർ 
ആധാരമെഴുത്ത് മേഖലയിലുള്ളവർ മുന്നോട്ട് വയ്ക്കുന്ന പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് പറഞ്ഞു. ചർച്ചയ്ക്കുള്ള തീയതി ഉടൻ നിശ്ചയിക്കുമെന്നു പറഞ്ഞ മന്ത്രി മേഖലയിലാകെ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു.
 ആധാരമെഴുത്തുകാരുടെ മറ്റ് ആവശ്യങ്ങൾ 
 ആധാരമെഴുത്ത് ഫീസ് വർദ്ധിപ്പിക്കുക
 കെട്ടിടവില നിശ്ചയിക്കുന്നതിന് പൊതുമാനദണ്ഡം കൊണ്ടുവരിക
 ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക
 ക്ഷേമനിധി ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുക