ldf-maradu
കരാർ ജോലികൾ മുടങ്ങിയതിനെതിരെ മരട് നഗരസഭയിൽ ഇടത് അംഗങ്ങൾ പ്രതിഷേധിക്കുന്നു.

 കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി

മരട്: കരാർ ജോലികൾ നടക്കുന്നില്ലെന്നാരോപിച്ച് മരട് നഗരസഭയിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. മരടിൽ ഉദ്യോഗസ്ഥ- ഭരണസമിതി കരാറുകാരുടെ കോക്കസ് ആണെന്നാരോപിച്ചും ഇവരുടെ അനാസ്ഥയ്ക്കെതിരെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ടെൻഡർ ഉറപ്പിച്ച് നഗരസഭയുമായി കരാർ ഒപ്പിട്ടശേഷം ജോലികൾ നീട്ടീക്കൊണ്ടു പോവുകയാണ് കരാറുകാർ ചെയ്യുന്നത്. വിഷയത്തിൽ പ്രശ്നം പരിഹരിക്കാമെന്ന പതിവ് പല്ലവിയാണ് ചെയർമാന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ഇടത് അംഗങ്ങൾ ആരോപിച്ചു. സമരം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ആർ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ദിഷാ പ്രതാപൻ, സി.വി.സന്തോഷ്, എ.കെ.അഫ്സൽ എന്നിവരും പാർട്ടി നേതാക്കളായ എൻ.ജെ.സജീഷ് കുമാർ, പി.ബി.വേണുഗോപാലൻ എന്നിവരും സംസാരിച്ചു. തുടർന്ന് 23-ാം ഡിവിഷനിലെ ജോലികൾ തുടങ്ങിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി

അനാസ്ഥ കാട്ടിയ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തിയതായി നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ 2021-22 വർഷത്തെ പൊതുമരാമത്ത് പ്രവർത്തികൾ യഥാസമയം പൂർത്തീകരിക്കാത്തത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്ന് ഭരണപക്ഷത്തെ അംഗങ്ങൾ ഉന്നയച്ചതിനെ തുടർന്ന് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിച്ചാണ് ആരോപണ വിധേയനായ കോൺട്രാക്ടറെ കരിമ്പട്ടികയിൽപ്പെടുത്തിയത്. അതേസമയം, പ്രതിപക്ഷ അംഗങ്ങൾ നഗരസഭയുടെ അങ്കണത്തിൽ നടത്തിയ സമരം തികച്ചും അനാവശ്യമാണെന്നും ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.